ന്യുദല്‍ഹി- ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി എല്ലാ തലത്തിലും സൗദി സഹകരിക്കുമെന്നും ഭീകരവാദ ആശങ്കയില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്നും കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ കിരീടാവകാശി വ്യക്തമാക്കി. ഭീകരവാദവും തീവ്രവാദയും പൊതുവായ ആശങ്കയാണ്. ഇതു നേരിടുന്നതിന് ബന്ധപ്പെട്ട മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇതില്‍ ഇന്ത്യയുടേത് ഗുണപരമായ പങ്കാണെന്നും അദ്ദേഹം പറഞ്ഞു.
2016 മുതല്‍ ഇതു വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചു. ഇക്കാലയളവില്‍ ഇന്ത്യയില്‍ സൗദി 44 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ഐടി രംഗത്തും സൗദി നിക്ഷേപമുണ്ടെന്നും കിരീടാവകാശി പറഞ്ഞു. ഇന്ത്യയുടമായുള്ള ബന്ധം ദീര്‍ഘകാലമായുള്ളതാണ്.
ഇന്ത്യയുടെ സൗദിയുമായുള്ള ബന്ധത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കിരീടാവകാശിയുടെ സന്ദര്‍ശനം പുതിയൊരു മാനം നല്‍കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളും ഇന്നു ചര്‍ച്ച ചെയ്തു. സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുന്നതും ചര്‍ച്ചയായി. ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സജീവ പാലമാണെന്നും സൗദിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ബന്ധങ്ങള്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും മോഡി പറഞ്ഞു. ഈ ബന്ധം എപ്പോഴും സൗഹൃദപരവും പരസ്പര യോജിപ്പിന്റേതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Saudi Arabia Crown Prince Mohammed bin Salman and Prime Minister Narendra Modi in Delhi pic.twitter.com/yMrVsiOT6i
— ANI (@ANI) February 20, 2019
കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ വിമാനമിറങ്ങിയ കിരീടാവകാശിയെ പ്രധാനമന്ത്രി മോഡി പ്രോട്ടോകോള്‍ ലംഘിച്ചാണ് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചത്. ഇതു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതായി. ആദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തുന്നത്.