ന്യുദല്‍ഹി- സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മ്മാണ കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള 450 കോടി രൂപ ഉടന്‍ നല്‍കണമെന്ന കോടതി ഉത്തരവ് ലംഘിച്ച റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി കോടതിയലക്ഷ്യം കാണിച്ചെന്ന് സുപ്രീം കോടതി. നാലാഴ്ചക്കകം ഈ പണം എറിക്‌സണ്‍ ഇന്ത്യയ്ക്കു നല്‍കണമെന്നും ഇല്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും അംബാനിക്ക് കോടതി മുന്നറിയിപ്പു നല്‍കി. അംബാനിയുടെ അഹങ്കാരപരമായ പെരുമാറ്റത്തെ കോടതി നിശിതമായി വിമര്‍ശിക്കുകയും അദ്ദേഹത്തിനും കമ്പനിയുടെ രണ്ട് ഡയറക്ടമാര്‍ക്കും ഒരു കോടി രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. അനില്‍ അംബാനിയും ബന്ധപ്പെട്ടവരും കരാര്‍ ലംഘിച്ചു. ഇത് സ്വീഡിഷ് കമ്പനിക്ക് നല്‍കാനുള്ളത് മടക്കി നല്‍കണമെന്ന കോടതി ഉത്തരവിന്റെ മനപ്പൂര്‍വമുള്ള ലംഘനമാണെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ മാനിക്കുന്നതായും ഇതു അംഗീകരിക്കുമെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പ്രതികരിച്ചു.
തങ്ങള്‍ക്കു അനില്‍ അംബാനിയുടെ ഗ്രൂപ്പ് നല്‍കാനുള്ള 550 കോടി രൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചത്. റഫാല്‍ പോര്‍വിമാന കാരാറില്‍ നിക്ഷേപിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സിന് പണം ഉണ്ടെന്നിരിക്കെ തങ്ങള്‍ക്ക് നല്‍കാനുള്ള 550 കോടി സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നല്‍കുന്നില്ലെന്ന് എറിക്‌സണ്‍ കോടതിയില്‍ വാദിച്ചിരുന്നു.
സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള ആസ്തി വില്‍പ്പന കരാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തന്റെ കമ്പനി പാപ്പര്‍ നടപടികളിലേക്ക് പ്രവേശിച്ചിരുന്നുവെന്നും ഇതുമൂലം ഫണ്ടുകള്‍ക്കു മേലുള്ള നിയന്ത്രണം നഷ്ടമായതാണ് എറികസ്ണ് പണം നല്‍കാന്‍ കഴിയാതിരുന്നതെന്നും അനില്‍ അംബാനി സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ഇതും കോടതി മുഖവിലക്കെടുത്തില്ല.