Sorry, you need to enable JavaScript to visit this website.

ആഭ്യന്തര ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളയുന്നു

റിയാദ് - സൗദിയിൽ ആഭ്യന്തര ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളയുന്നതിന് നടപടികൾ ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആഭ്യന്തര ടിക്കറ്റ് നിയന്ത്രണം എടുത്തുകളയുമ്പോൾ നിരക്കുകൾ നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് രൂപം നൽകുന്നതിന് ശ്രമിച്ചുവരികയാണ്. ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾ പാലിക്കേണ്ട വ്യവസ്ഥകൾക്ക് രൂപം നൽകുന്നുണ്ട്. നിരക്ക് നിയന്ത്രണം എടുത്തുകളയുന്നതോടെ ടിക്കറ്റ് നിരക്കുകൾ ഭീമമായ നിലക്ക് ഉയരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ടിക്കറ്റ് നിരക്കുകളിൽ കൃത്രിമങ്ങൾ നടത്തുന്നതിൽ നിന്ന് ആഭ്യന്തര വ്യോമഗതാഗത വിപണിക്ക് സംരക്ഷണം നൽകുന്നതിനും ലക്ഷ്യമിട്ടാണ് വിമാന കമ്പനികൾക്ക് ബാധകമായ വ്യവസ്ഥകൾ തയാറാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. 
ആഭ്യന്തര ടിക്കറ്റ് നിരക്ക് നിയന്ത്രണം ഈ വർഷം എടുത്തുകളയുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് നിരക്കുകൾ സ്വതന്ത്രമാക്കുന്ന കൃത്യമായ സമയം അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല. വ്യവസ്ഥകൾ തയാറാക്കി അന്തിമമായി അംഗീകരിച്ച ശേഷം ടിക്കറ്റ് നിരക്കുകൾ സ്വതന്ത്രമാക്കും. ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞാലും യാത്രക്കാർ കുറഞ്ഞ, ലാഭകരമല്ലാത്ത സെക്ടറുകളിൽ സർവീസുകൾ നടത്തുന്ന വിമാന കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടരും. യാത്രക്കാർ കുറഞ്ഞ പ്രവിശ്യകളിലെ പൗരന്മാർക്ക് ആഭ്യന്തര വിമാന സർവീസ് സേവനം ലഭ്യമാക്കുന്നതിലുള്ള ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചുമതലയുടെ ഭാഗമായാണ് ലാഭകരമല്ലാത്ത സെക്ടറുകളിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് സഹായം നൽകുന്നതെന്നും അതോറിറ്റി പറഞ്ഞു.

Latest News