ന്യൂദൽഹി - സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധവും തന്ത്രപ്രധാന പങ്കാളിത്തവും വിവിധ മേഖലകളിലെ ശക്തമായ സഹകരണവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരമാണ് കിരീടാവകാശിയുടെ സന്ദർശനമെന്ന് ഇന്ത്യയിലെ സൗദി അംബാസഡർ സൗദ് അൽസാത്തി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളുടെ തുടർച്ചയാണിത്. ഊർജം, വാണിജ്യം, നിക്ഷേപം, സുരക്ഷ, ഭീകര വിരുദ്ധ പോരാട്ടം അടക്കമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും ശക്തമായി സഹകരിക്കുന്നുണ്ട്. സൗദിയുടെ നാലാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ.
കഴിഞ്ഞ ഒരു ദശകത്തിനിടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. രാഷ്ട്ര നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ പരസ്പര സന്ദർശനങ്ങളാണ് ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് സഹായിച്ചത്. ഇന്ത്യയുമായുള്ള സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനുള്ള വ്യക്തമായ താൽപര്യമാണ് കിരീടാവകാശിയുടെ സന്ദർശനം വ്യക്തമാക്കുന്നത്. മേഖലയിലും ആഗോള തലത്തിലും സാമ്പത്തിക മേഖലയിൽ സൗദി അറേബ്യക്കും ഇന്ത്യക്കും മുൻനിര സ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. സാമ്പത്തിക പരിഷ്കരണവും സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള വൻകിട പദ്ധതികൾ നടപ്പാക്കുന്നതും ഉഭയകക്ഷി വ്യാപാരത്തിനും നിക്ഷേപത്തിനും സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിനും വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിക്ഷേപങ്ങൾ ആകർഷിക്കൽ, വ്യവസായങ്ങളുടെ സ്വദേശിവൽക്കരണം, വികസനം ശക്തമാക്കൽ എന്നിവയെല്ലാം അടങ്ങിയസാമ്പത്തിക വികസനത്തിനുള്ള സമഗ്ര പദ്ധതികൾ സൗദി അറേബ്യ തയാറാക്കിയിട്ടുണ്ട്.
വികസന മേഖലയിൽ സൗദി അറേബ്യയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യ. വികസന, പശ്ചാത്തല വികസന, കാർഷിക, നിക്ഷേപ, സാങ്കേതികവിദ്യാ മേഖലകളിൽ വൻകിട പദ്ധതികൾ നടപ്പാക്കി സൗദി വിപണിയിൽ ഇന്ത്യൻ കമ്പനികൾ ശ്രദ്ധേയമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക, ജനകീയ, മത ബന്ധങ്ങൾക്ക് സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങളേക്കാൾ ഒട്ടും പ്രാധാന്യം കുറവല്ല. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ 130 കോടി വരുന്ന ജനസംഖ്യയിൽ പതിനഞ്ചു ശതമാനത്തോളം മുസ്ലിംകളാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ് ഹജും ഉംറയും. സൗദിയിൽ കഴിയുന്ന മുപ്പതു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരും ഇരു ജനതകളും തമ്മിലുള്ള സൗഹൃദം ശക്തമാക്കുന്നതിന് സംഭാവനകൾ നൽകുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന് കിരീടാവകാശിയുടെ സന്ദർശനം വഴിവെക്കുമെന്നും സൗദ് അൽസാത്തി പറഞ്ഞു.