ചോ: എന്തിനാണ് പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്?
ഉ: പ്രിയങ്ക രാഷ്ട്രീയത്തിൽ ഇറങ്ങിയതിൽ വളരെയേറെ സന്തോഷവാനാണ് ഞാൻ. അതിന് വലിയ പ്രാധാന്യമുണ്ട്. അത് കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കും. നല്ല രാഷ്ട്രീയ അവബോധമുള്ള വ്യക്തിയാണ് പ്രിയങ്ക. ആളുകളെ കൈകാര്യം ചെയ്യാൻ മിടുക്കിയാണ്. കോൺഗ്രസ് പാർട്ടിക്കും പ്രസിഡന്റിന് പ്രത്യേകിച്ചും വലിയ നേട്ടമായിരിക്കും പ്രിയങ്കയുടെ സാന്നിധ്യം. പാർട്ടി പ്രവർത്തകർക്ക് അത് ആവേശം പകരും. രാഷ്ട്രീയാന്തരീക്ഷത്തിൽ തന്നെ ഊർജവും ആവേശവും പ്രസരിപ്പിക്കാൻ പ്രിയങ്കക്ക് സാധിക്കും. രാഹുലും പ്രിയങ്കയും പരസ്പരപൂരകമാണ്.
ചോ: എന്തുകൊണ്ടാണ് ഇത്ര വൈകിയത്?
ഉ: കോൺഗ്രസ് പ്രസിഡന്റാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം തീരുമാനിച്ചത്. നേരത്തെ കുട്ടികളുടെ പരിചരണത്തിനായി അവർ മാറിനിൽക്കുകയായിരുന്നു. കുടുംബപരമായ ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. രണ്ടു മക്കളുടെ അമ്മയാണ് അവർ. മറ്റാരെയും പോലെ അവരും കുടുംബത്തിന് പ്രാധാന്യം നൽകുകയായിരുന്നു. 2014 ലെ ഇലക്ഷനിൽ സഹോദരനെ സഹായിക്കാനായി സജീവമായി അവർ രംഗത്തുണ്ടായിരുന്നു. രാഹുലിന്റെ ഓഫീസിലെ സ്റ്റാഫ് മേധാവിയെ പോലെയാണ് അവർ സേവനം ചെയ്തത്. ആ സഹകരണം പിന്നീടും തുടരുന്നുണ്ടായിരുന്നു.
ചോ: എന്ത് മാറ്റമാണ് അവർ ഉണ്ടാക്കാൻ പോവുന്നത്?
ഉ: കുട്ടിക്കാലം മുതൽ പ്രിയങ്കയെയും രാഹുലിനെയും എനിക്കറിയാം. പ്രിയങ്ക വളരെ സ്മാർടാണ്. എപ്പോഴും മറ്റുള്ളവർക്ക് പ്രിയങ്കയുമായി അനായാസം ഇടപെടാം. ശ്രദ്ധിച്ചു കേൾക്കുകയും അതിവേഗത്തിൽ തീരുമാനത്തിലെത്തുകയും ചെയ്യും. പിന്നെ, ആളുകളെ കൈകാര്യം ചെയ്യാനുള്ള മിടുക്കുണ്ട്. നന്നായി സംസാരിക്കും. ടി.വിയിൽ കാണാൻ സുന്ദരിയാണ്.
ചോ: ഉത്തർപ്രദേശിൽ പ്രിയങ്കയെ കാത്തിരിക്കുന്ന വെല്ലുവിളികളെന്തായിരിക്കും?
ഉ: തീർച്ചയായും പ്രയാസകരമായ ദൗത്യമായിരിക്കും അത്. സംശയമില്ല. പക്ഷെ സാഹചര്യത്തിനനുസരിച്ച് അവർ ഉയരുമെന്നതിൽ ഒരു സംശയവും വേണ്ട. ഈ മേഖല അവർക്ക് പുത്തരിയല്ല. ഉത്തർ പ്രദേശിലെ കോൺഗ്രസിനെ അവർക്ക് കൈവെള്ളയിലെന്ന പോലെ അറിയാം. നേതാക്കളെയും പ്രവർത്തകരെയും നേരിട്ട് പരിചയമുണ്ട്.
ചോ: പ്രിയങ്ക വരുന്നതോടെ രാഹുൽ മങ്ങിപ്പോവില്ലേ? കോൺഗ്രസിൽ രണ്ട് അധികാരകേന്ദ്രങ്ങളുണ്ടാവില്ലേ?
ഉ: യഥാർഥത്തിൽ അവരൊരു ടീമാണ്. പരസ്പരം സഹകരിക്കുന്നവരാണ്. രാഹുൽ സാഹചര്യങ്ങളെ നന്നായി മനസ്സിലാക്കും. ജനങ്ങളിലേക്ക് അധികാരമെത്തിക്കാനും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും എന്തൊക്കെയാണ് വേണ്ടതെന്ന കൃത്യമായ ധാരണ രാഹുലിനുണ്ട്. പ്രിയങ്കക്ക് ആളുകളുമായി നന്നായി ഇടപഴകാൻ സാധിക്കും. ഇലക്ഷന് മേൽനോട്ടം വഹിക്കാനും സംഘടനാ കാര്യങ്ങൾ ശ്രദ്ധിക്കാനും കഴിയും. അവർ തമ്മിൽ വലിയ അടുപ്പമാണ്. മറ്റാരെക്കാളും അവർ പരസ്പരം വിശ്വസിക്കുന്നു. പിന്നെ, കോൺഗ്രസ് വിശ്വസിക്കുന്നത് അഭിപ്രായഭിന്നതകളുടെ ഐക്യത്തിലാണ്. അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്ത. എല്ലാം തീരുമാനിക്കുന്ന ഏകാധിപതി കോൺഗ്രസിലില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് കോൺഗ്രസ്. പ്രിയങ്ക രാഷ്ട്രീയത്തിൽ വരണമെന്ന് ഏറ്റവുമധികം ആവശ്യപ്പെട്ടത് രാഹുലായിരുന്നു.
ചോ: ഒരു വശത്ത് ശക്തനായ നേതാവും മറുവശത്ത് ആശയക്കുഴപ്പവുമാണെന്നാണ് ബി.ജെ.പി വാദിക്കുന്നത്?
ഉ: ജനാധിപത്യമെന്നത് ആശയക്കുഴപ്പമാണെന്ന് വിശ്വസിക്കുന്നവരെ ദൈവം കാക്കട്ടെ. ആശയങ്ങളുടെ വൈവിധ്യം യഥാർഥത്തിൽ ഗുണകരമാണ്. ഇവർ പറയുന്ന കരുത്തനായ നേതാവ് എന്താണ് ചെയ്തത്? കരുത്തല്ല വേണ്ടത്, ജനങ്ങളുടെ വികാരമറിയാനുള്ള ഹൃദയമാണ്. ഒത്തുതീർപ്പിന് സന്നദ്ധനാവുകയും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുകയും ചെയ്യുന്നവനാണ് യഥാർഥ നേതാവ്. രാജ്യം ഒരു കമ്പനിയല്ല. മഹാത്മാ ഗാന്ധി പി.ആർ. ഏജൻസിയെ വെച്ച് തന്റെ വ്യക്തിപ്രഭാവം പൊലിപ്പിച്ചു കാട്ടിയിട്ടില്ല. ഒരു രാജ്യത്തിന്റെ ഭാഗധേയം ഒരു വ്യക്തിയുടെ ബ്രാൻഡിൽ ഒതുങ്ങുന്നതല്ല. ആരെയാണ് അവർ വിഡ്ഢികളാക്കാൻ നോക്കുന്നത്?
ചോ: പ്രിയങ്ക വരുന്നതോടെ ഗാന്ധി കുടുംബവാഴ്ച നീളുകയല്ലേ?
ഉ: മറ്റു പാർട്ടികളിലുമില്ലേ കുടുംബവാഴ്ച. ഒരു ബിസിനസുകാരന്റെ മകൻ ബിസിനസുകാരനും ആശാരിയുടെ മകൻ ആശാരിയുമാവാറില്ലേ? ആ വ്യക്തിക്ക് ബന്ധപ്പെട്ട ജോലി ചെയ്യാനാവുന്നുണ്ടോയെന്നതിലാണ് കാര്യം. വ്യക്തിയുടെ കഴിവനുസരിച്ചാണ് വിജയം. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. വ്യത്യസ്ത ആശയങ്ങൾക്ക് അതിൽ പഴുതുകളുണ്ട്. അതാണ് കോൺഗ്രസിന്റെ മഹത്വം.