തിരുവനന്തപുരം: മിലിട്ടറി ഫാം ഒഴിപ്പിക്കുന്നതിനോട് അനുബന്ധിച്ച് കേന്ദ്ര സേന വില്‍ക്കാനൊരുങ്ങുന്ന പശുക്കളെ വാങ്ങാന്‍ തയ്യാറായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പദ്ധതി നടപ്പില്‍ വരുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി കെ സദാനനന്ദന്‍ പറഞ്ഞു.
ഒരു പശുവിന് ആയിരം രൂപയെന്ന കണക്കില്‍ ആയിരത്തി അഞ്ഞൂറ് പശുക്കളെയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിലെ ഉപഭോക്താക്കളെ തീരുമാനിച്ചിട്ടില്ല. പ്രധാനമായും പ്രളയ ബാധിത മേഖലകളിലെ ജനങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്.
കേരളത്തിലെ പ്രളയബാധിത മേഖലകളിലെ നിരവധി ആളുകള്‍ക്ക് കന്നുകാലികളും കന്നുകുട്ടികളും നഷ്ടമായിട്ടുണ്ട്. ഇവരെ സഹായിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചാല്‍ പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. ഈ പദ്ധതിയുടെ നടപടിക്രമങ്ങള്‍ക്ക് വേണ്ടി വെറ്റിനറി സര്‍വ്വകലാശാല വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു.