Sorry, you need to enable JavaScript to visit this website.

യുഎസില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്തു

ഹൂസ്റ്റണ്‍- യുഎസ് സംസ്ഥാനമായ ടെക്‌സസിലെ ഹൂസ്റ്റണില്‍ ഇന്ത്യന്‍ വംശജരായ യുഎസ് ദമ്പതികളെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശുഗര്‍ ലാന്‍ഡിലെ അപാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് പോലീസ് എത്തിയത്. ശ്രീനിവാസ് നകിരെകാന്തി (51), ഭാര്യ ശാന്തി നകിരെകാന്തി (46) എന്നിവരാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശാന്തിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ശ്രീനിവാസ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. വീട്ടിലെ നടവഴിയില്‍ തലയ്ക്ക് വെടിയേറ്റ നിലയിലാണ ശാന്തിയുടെ മൃതദേഹം കണ്ടത്. ശ്രീനിവാസിന്റെ മൃതദേഹം കിടപ്പുമുറിയില്‍ നെഞ്ചിനു വെടിയേറ്റ നിലയിലായിരുന്നു. സമീപത്തു നിന്ന് തോക്കും കണ്ടെടുത്തു.

സംഭവം നടക്കുമ്പോള്‍ ഇവരുടെ 16-കാരിയായ മകള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നു നല്‍കിയതും മകളാണ്. അച്ഛന്‍ മുറി അകത്തു നിന്ന് പൂട്ടിയതാണെന്നും വിൡച്ചിട്ട് മറുപടിയില്ലെന്നും മകള്‍ പോലീസിനെ അറിയിച്ചു. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് മകളെ കൂടാതെ 21 വയസ്സുള്ള മകനുമുണ്ട്. ടെക്‌സസ് യൂണിവേഴസിറ്റിയില്‍ വിദ്യാര്‍ത്ഥിയാണ് മകന്‍.

ഇത് കൊലപാതകവും ആത്മഹത്യയുമാണെന്ന് ശുഗര്‍ ലാന്‍ഡ് പൊലീസ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഹൂസ്റ്റണിലെ ഒരു കമ്പനി ഡയറക്ടറായിരുന്നു ശ്രീനിവാസ്. ശാന്തി കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്നു.
 

Latest News