ന്യുദല്‍ഹി- ഇന്ത്യയില്‍ എല്ലായിടത്തും ഇനി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഇനി ഒന്ന്. പോലീസ് (100), ഫയര്‍ (101), ഹെല്‍ത്ത് (108), വനിതാ സുരക്ഷ (1090) എന്നീ നമ്പറുകള്‍ക്കു പകരമായാണ് 112 എന്ന ഒറ്റ നമ്പര്‍ അവതരിപ്പിച്ചത്. നേരത്തെ നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച ഈ ഹെല്‍പ് ലൈന്‍ കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മുംബൈ നഗരത്തിലും ഇന്നുമുതല്‍ നിലവില്‍ വന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളിലും ഉടന്‍ ഇതു നിലവില്‍ വരും. യുഎസിലെ ഓള്‍ ഇന്‍ വണ്‍ എമര്‍ജന്‍സി നമ്പറായ 911-നു സമാനമാണിത്. 112 ഇന്ത്യ എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷനും ഗൂഗ്ള്‍ പ്ലേസ്‌റ്റോറിലും ആപ്പ്ള്‍ സ്റ്റോറിലും അവതരിപ്പിച്ചിട്ടുണ്ട്.
ഇതു നടപ്പിലാക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥാപിച്ച പ്രത്യേക എമര്‍ജെന്‍സി റെസ്‌പോണ്‍സ് സെന്റര്‍ (ഇആര്‍സി) ആണ് 112-ലേക്ക് വരുന്ന വിളികള്‍ കൈകാര്യം ചെയ്യുന്നത്. ഇവിടെ ഈ വിളികള്‍ സ്വീകരിക്കുന്നവര്‍ പൊലീസ്, ഫയര്‍, ഹെല്‍ത്ത്, മറ്റു അടിയന്തര സേവനങ്ങള്‍ എന്നിവര്‍ക്ക് വിവരം കൈമാറുകയാണ് ചെയ്യുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഈ സംവിധാനത്തിന്റെ നിയന്ത്രണം. ഈ എമര്‍ജെന്‍സി റെസ്‌പോണ്‍സ് സെന്ററുകള്‍ ജില്ലാ കമാന്‍ഡ് സെന്ററുകളുമായി ബന്ധപ്പെട്ടിരിക്കും. അടിയന്തിര സേവനങ്ങളും സഹായങ്ങളും ഈ സെന്ററുകള്‍ വഴിയാണ് നല്‍കുക.
സവിശേഷകതകള്‍
സ്മാര്‍ട് ഫോണുകളില്‍ പവര്‍ ബട്ടണ്‍ മൂന്ന് തവണ വേഗത്തില്‍ അമര്‍ത്തിയാല്‍ സ്വമേധയാ 112 വിളി എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിലെത്തും. സാധാരണ ഫീച്ചര്‍ ഫോണുകളില്‍ 5 അല്ലെങ്കില്‍ 9 അല്‍പ്പ സമയം അമര്‍ത്തിപ്പിടിച്ചാല്‍ മതി.
എമര്‍ജന്‍സി സപോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) വെബ്‌സൈറ്റ് വഴിയും അടിയന്തര സേവനങ്ങള്‍ തേടാം. ഈ സൈറ്റില്‍ അടിയന്തര മെയില്‍/ എസ്.ഒ.എസ് അയക്കാനുള്ള സംവിധാനമുണ്ട്.