ലഖ്‌നൗ- മുസ്ലിം പേരുള്ളവര്‍ ഉള്‍പ്പെട്ട മിശ്രവിവാഹങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികളും സംഘപരിവാര്‍ സംഘടനകളും രാജ്യത്തുടനീളം സംഘര്‍ഷവും കലാപവുമുണ്ടാക്കുമ്പോള്‍ ലഖ്‌നൗവില്‍ ഈയിടെ വേറിട്ടൊരു ഹിന്ദു-മുസ്ലിം മിശ്ര വിവാഹം നടന്നു. അതും തീവ്രഹിന്ദുത്വ പക്ഷക്കാരുടെ ആശീര്‍വാദത്തോടെ! 'ലവ് ജിഹാദ്, എന്ന പദം ഉണ്ടാക്കി മിശ്രവിവാഹങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടവര്‍ പോലും ഒരക്ഷരം മിണ്ടിയില്ല. താജ് വിവാന്റ ഹോട്ടലില്‍ നടന്ന, ശ്രിയ ഗുപ്തയും ഫൈസാന്‍ കരീമും തമ്മിലുള്ള ഹൈ പ്രൊഫൈല്‍ വിവാഹത്തിന് എത്തിവര്‍ ആരൊക്കെ എന്നു കേട്ടാല്‍ ഒരു പക്ഷെ ഞെട്ടും. ഉത്തര്‍ പ്രദേശ് ഗവര്‍ണറും കടുത്ത ആര്‍എസ്എസുകാരനമായ റാം നായിക്, ബിജെപി ജനറല്‍ സെക്രട്ടറി റാം ലാല്‍, ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, പിന്നെ നിരവധി ബിജെപി സംസ്ഥാന മന്ത്രിമാരും! മതംമാറി പ്രണയിക്കുന്നവരെ നേരിടാനും തുരത്താന്‍ സ്വന്തമായി ഹിന്ദു യുവവാഹിനി, ആന്റി റോമിയോ സ്‌ക്വാഡ് എന്നീ സംഘങ്ങളെ രൂപീകരിക്കുകയും ചെയ്ത തീപ്പൊരി ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥ് മുഖ്യന്ത്രിയായി ഭരിക്കുന്ന യുപിയിലാണ് ഈ പ്രണയ വിവാഹവും നടന്നത്. ഈയിടെ യുപിയിലെ തന്നെ ആഗ്രയില്‍ ലവ് ജിഹാദ് ആരോപിച്ച് ദമ്പതികളെ ആക്രമിച്ച സംഘപരിവാര്‍ സംഘടനകള്‍ പോലും ഇതറിഞ്ഞ മട്ടില്ലെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രതികരിക്കുന്നു.
കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള ലോറന്റോ കോണ്‍വെന്റില്‍ പഠിച്ചു വളര്‍ന്നയാളാണ് വധു ശ്രിയ ഗുപ്ത. ബിജെപിയുടെ കരുത്തനായി ജനറല്‍ സെക്രട്ടറി റാം ലാലിന്റെ ബന്ധു കൂടിയാണ്. മിശ്രവിവാഹങ്ങള്‍ക്കെതിരെ പടവാളേന്തിയ പാര്‍ട്ടിയാണിത്. ശ്രിയയുട ഭര്‍ത്താവ് ഫൈസാന്‍ കരീം ഡോ. വിജാഹത്ത് കരീമിന്റേയും സംസ്ഥാന കേണ്‍ഗ്രസ് നേതാവായ ഡോ. സുര്‍ഹീത ചാറ്റര്‍ജി കരീമിന്റേയും മകനാണ്.
വിവാഹം തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യമാണ് അതിനെ കുറിച്ച് ഒന്നും പറയാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ രാഷ്ട്രീയക്കാരുടെ കാപട്യം ഇതു പുറത്തു കാണിക്കുന്നുണ്ട്. ലവ് ജിഹാദ് എന്നു പറഞ്ഞ് പ്രകോപിതരായി ഇറങ്ങിത്തിരിക്കുന്നവര്‍ കൂടി രാഷ്ട്രീയ നേതാക്കളുടെ ഈ കാപട്യം കാണണം- മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ വ്യാപക പ്രചാരണത്തെ തുര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി മിശ്ര വിവാഹത്തിലൂടെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് കള്ളപ്രചാരണം നടത്തുകയും രാജ്യത്ത് പലയിടത്തും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച കേരളത്തിലെ 11 മിശ്രവിവാഹങ്ങളില്‍ ഒന്നില്‍ പോലും നിര്‍ബന്ധ മതപരിവര്‍ത്തനം നടന്നതിന് തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പ്രമാദമായ ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ നിന്നു പോലും ദേശീയ അന്വേഷണ ഏജന്‍സിക്ക് പഴികേള്‍ക്കി വന്നിരുന്നുന്നു. എങ്കിലും തീവ്ര ഹിന്ദുത്വ ശക്തികള്‍ ഈ വിദ്വേഷ പ്രചാരണവുമായി തന്നെ മുന്നോട്ടു പോകുകയാണ്.