Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം ഉറപ്പായി; പ്രഖ്യാപനം ഉടന്‍

ചെന്നൈ- മഹാരാഷ്ട്രയില്‍ ഉടക്കി നിന്ന ശിവ സേനയുമായുള്ള പ്രശ്‌നം പരിഹരിച്ച് ബിജെപി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ഭരണ കക്ഷിയായ അണ്ണാ ഡിഎംകെയുമായി ബിജെപി കരാറുണ്ടാക്കി. എഐഎഡിഎംകെ-ബിജെപി സഖ്യ രൂപീകരണത്തിന്റെ അന്തിമ പ്രഖ്യാപനത്തിനായി കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ ചെന്നൈയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ തിരുപ്പൂരിലും കന്യാകുമാരിയിലും തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പൊതു റാലികള്‍ക്കായി എത്തുന്നുണ്ട്.

39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഒരു സീറ്റ് പുതുച്ചേരിയിലും. രണ്ടിടത്തുമായി 20-20 എന്നിങ്ങനെ പകുതി സീറ്റുകള്‍ ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. എന്നാല്‍ ഒടുവില്‍ ബിജെപിക്കും എന്‍ഡിഎ സഖ്യകക്ഷികള്‍ക്കുമായി 15 സീറ്റു നല്‍കാനും അണ്ണാ ഡിഎംകെ 25 സീറ്റില്‍ മത്സരിക്കാനുമാണ് ധാരണയായിട്ടുള്ളത്. 15 സീറ്റുകളില്‍ ബിജെപി എട്ടിടത്ത് മത്സരിക്കും. ബാക്കിയുള്ളവ എന്‍ഡിഎ സഖ്യത്തിലുള്ള നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ, അന്‍പുമണി രാംദാസിന്റെ പിഎംകെ, പുതിയ തമിഴകം പോലുള്ള ചെറുപാര്‍ട്ടികള്‍ക്കും നല്‍കും.

രാഷ്ട്രീയ രംഗപ്രവേശം പ്രഖ്യാപിച്ച നടന്‍ രജനീകാന്തിന്റെ നിലപാടറിയാനായി കാത്തിരിക്കുകയായിരുന്നു ബിജെപിയും അണ്ണാ ഡിഎംകെയുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ രജനി തങ്ങളുമായി ധാരണയുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇരു പാര്‍ട്ടികളും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ആരേയും പിന്തുണയ്ക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം രജനി പ്രഖ്യാപിച്ചത് തിരിച്ചടിയായി.

തമിഴ്‌നാട്ടില്‍ ശക്തമായ ഭരണവിരുദ്ധത നിലനില്‍ക്കെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന അണ്ണാ ഡിഎംകെയുടെ നില പരുങ്ങലിലാണ്. പാര്‍ട്ടി അധ്യക്ഷ ജയലളിതയുടെ മരണത്തോടെ തമ്മിലടി രൂക്ഷമായ പാര്‍ട്ടിയില്‍ പിളര്‍പ്പും അധികാരത്തര്‍ക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. ജയലളിതയുടെ മരണ ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണ് മേയില്‍ നടക്കാനിരിക്കുന്നത്. പരാജയ ഭീതി മൂലമാണ് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ നീട്ടിവച്ചതെന്ന പ്രതിപക്ഷ ആക്ഷേപവും ഒരു വശത്തുണ്ട്.

നില പരുങ്ങലിലായ ഘട്ടത്തില്‍ ബിജെപി കൂട്ട് പിടിച്ചു നില്‍ക്കാന്‍ സഹായകമാകുമെന്നാണ് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന അണ്ണാ ഡിഎംകെയുടെ കണക്കു കൂട്ടല്‍. അതേസമയം ബിജെപിക്ക് തമിഴ്‌നാട്ടില്‍ വേരോട്ടമില്ലെന്ന പ്രതികൂല ഘടകവും ഉണ്ട്. ബിജെപി വിരുദ്ധ വികാരവും തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ശക്തമാണ്.  മോഡിയുടെ ജനപ്രീതിയും ഏതാനും വര്‍ഷങ്ങളായി കോയമ്പത്തൂര്‍, കന്യാകുമാരി, ശിവഗംഗ, തിരുപ്പൂര്‍ ജില്ലകളില്‍ വളര്‍ത്തിക്കൊണ്ടു വന്ന പാര്‍ട്ടി അടിത്തറയുമാണ് തമിഴ്‌നാട്ടിലെ പ്രതീക്ഷയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
 

Latest News