ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഉഭയ കക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാനായി സൗദി മന്ത്രിമാരും വ്യവസായികളുടെ വന്‍ സംഘവും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഭീകരവാദം സംബന്ധിച്ച് ഇരു രാജ്യങ്ങളും ശക്തമായ നിലപാട് വ്യക്തമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഊര്‍ജ്ജ സുരക്ഷ, നിക്ഷേപം, വ്യാപാരം, സൈനികം, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിലായി ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനാണ് ഉഭയകക്ഷി ചര്‍ച്ചകള്‍. സമീപ കാലത്ത് ഈ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
2017-18 വര്‍ഷം മാത്രം ഇന്ത്യയും സൗദിയും തമ്മില്‍ 27.48 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നു. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണിപ്പോള്‍ സൗദി. ഇന്ത്യയ്ക്ക് ആവശ്യമായി അസംസ്‌കൃത എണ്ണയുടെ 20 ശതമാനം നല്‍കുന്നതും സൗദിയാണ്. ഇതിനു പുറമെ 27 ലക്ഷത്തോളം വരുന്ന കരുത്തുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം സൗദിയിലുണ്ട്. സൗദിയുടെ വികസനത്തിനു ഇവര്‍ നല്‍കുന്ന സംഭാവനകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളില്‍ പ്രധാനമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.