Sorry, you need to enable JavaScript to visit this website.

കശ്മീരിലെ അതിക്രമങ്ങള്‍ പോസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ 

ഗുവാഹതി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ സൈന്യത്തെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഗുവാഹതിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പാപ്രി ബാനര്‍ജിയെ ആണ് കോളേജ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തത്.
സൈന്യത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ പാപ്രി ബാനര്‍ജിക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സൈന്യവും സേനയും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണമെന്നായിരുന്നു അധ്യാപികയുടെ പക്ഷം.
'45 ധീര യുവാക്കള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല,? അവര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റം ഭീരുത്വവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ നോവിക്കുന്നതുമാണ്. അതേസമയം, കാശ്മീര്‍ താഴ്‌വരകളില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. കുട്ടികളെ വികലാംഗരാക്കുകയും കൊല്ലുകയും ചെയ്യുന്നു.' എന്നായിരുന്നു പാപ്രിയുടെ പോസ്റ്റ്.
പോസ്റ്റ് ഇട്ടതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് പാപ്രിക്കെതിരെ നടന്നത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിയുള്ളതായി ഇവര്‍ തന്നെ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് വൈകുന്നേരത്തിന് ശേഷം ഇവരെ കാണാനില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 

Latest News