ജിദ്ദ - ലോക പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശ്രമിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും മീഡിയ മന്ത്രി തുർക്കി അൽശബാന പറഞ്ഞു. മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബ്ബ് വാങ്ങുന്നതിന് കിരീടാവകാശിക്ക് ആഗ്രഹമുണ്ട് എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണ്.
മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബ്ബ് സ്പോൺസർഷിപ്പ് അവസരങ്ങൾ വിശകലനം ചെയ്യുന്നതിന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി ക്ലബ്ബ് ചർച്ച നടത്തിയിരുന്നു. ഏതൊരു നിക്ഷേപ ഏജൻസിയും എന്നോണം ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് കേട്ടു. ചർച്ചക്കിടെ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലും കരാറിലും എത്തിയിട്ടില്ലെന്നും മീഡിയ മന്ത്രി തുർക്കി അൽശബാന പറഞ്ഞു. ബ്രിട്ടണിലെ മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബ്ബ് വാങ്ങുന്നതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 490 കോടി ഡോളറിന്റെ ഓഫർ മുന്നോട്ടുവെച്ചതായാണ് കിംവദന്തികൾ പ്രചരിച്ചത്.