Sorry, you need to enable JavaScript to visit this website.

ഒരു ലക്ഷം യൂത്ത് വോട്ട്, പ്രശാന്ത് കിഷോറിന്റെ ലക്ഷ്യം

2014 ൽ നരേന്ദ്ര മോഡിയുടെയും 2015 ൽ ബിഹാറിൽ നിതീഷ് കുമാറിന്റെയും ഇലക്ഷൻ തന്ത്രങ്ങൾ തയാറാക്കിയ പ്രശാന്ത് കിഷോർ ഇപ്പോൾ. ജനതാദൾ യുനൈറ്റഡിന്റെ ദേശീയ വൈസ് പ്രസിഡന്റാണ്. പാർട്ടിയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്ന പദ്ധതിയുടെ സജീവ പ്രവർത്തനത്തിലാണ് ഇപ്പോൾ അദ്ദേഹം. 
 

ഈ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും അരങ്ങേറാനിരിക്കേ ജനതാദൾ യുനൈറ്റഡിലേക്ക് യുവജനങ്ങളെ ആകർഷിക്കാനുള്ള തീവ്രയത്‌നത്തിലാണ് പ്രശാന്ത കിഷോർ. ഹിന്ദി ഹൃദയ ഭൂമിയിൽ സമീപകാലത്ത് ബി.ജെ.പിക്കുണ്ടായ തിരിച്ചടി തങ്ങളെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് ജെ.ഡി (യു). ഇലക്ഷൻ തന്ത്രജ്ഞനായി അറിയപ്പെട്ടിരുന്ന പ്രശാന്ത് കിഷോർ സമീപകാലത്താണ് സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയതും ജനതാദൾ യുനൈറ്റഡിൽ ചേർന്നതും. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണ് പ്രശാന്ത് കിഷോറിനെ ജെ.ഡി (യു) വൈസ് പ്രസിഡന്റാക്കാൻ നിർദേശിച്ചതെന്ന് നിതീഷ് കുമാർ തന്നെ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ സങ്കേതങ്ങളുപയോഗിച്ചാണ് പ്രശാന്ത് കിഷോർ യുവജനങ്ങളിലേക്ക് വഴി കണ്ടെത്തുന്നത്. 
2015 ൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ സ്ഥാപിച്ച മതേതര സഖ്യം മഹാഘട്ബന്ധന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ജെ.ഡി (യു) വിൽ ചേർന്നു. പട്‌നയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രശാന്ത് നിരന്തരം ക്യാമ്പുകൾ സംഘടിപ്പിക്കുകയും യുവാക്കളെ പാർട്ടിയിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രാഥമിക ഘട്ടത്തിൽ പതിനാറായിരം പേർ അംഗങ്ങളായി എന്നാണ് കണക്ക്. പുതിയ അംഗങ്ങളുടെ എണ്ണം വൈകാതെ അര ലക്ഷം കടക്കുമെന്ന് ജെ.ഡി (യു) യൂത്ത് വിംഗ് പ്രതിനിധി ആശിഷ്‌കുമാർ പറഞ്ഞു. 
നിതീഷ് കുമാർ കഴിഞ്ഞാൽ ജെ.ഡി (യു) വിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് ഇപ്പോൾ പ്രശാന്ത് കിഷോറാണ്. സോഷ്യൽ മീഡിയയിലൂടെ യുവാക്കളുമായി സംവദിക്കുകയും അവരുടെ ആശങ്കകളും ആശകളും പ്രതീക്ഷകളും മനസ്സിലാക്കുകയുമാണ് പ്രശാന്ത് ആദ്യം ചെയ്യുന്നതെന്നും അതിനനുസരിച്ച് നിതീഷ് സർക്കാരിന്റെ നയങ്ങൾ രൂപീകരിക്കുകയാണെന്നും പാർട്ടി നേതൃത്വം പറയുന്നു. സംവാദത്തിന് തയാറാവുന്നവരുടെ മണ്ഡലങ്ങളും വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ച് അവരെ ഫ്രൻറ്‌സ് ലിസ്റ്റിൽ ചേർക്കുകയാണ് ആദ്യം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ അവരെ സംവാദത്തിന് ക്ഷണിക്കും. പാർട്ടിയിലെത്തുന്ന ഒരു ലക്ഷത്തോളം യുവജനങ്ങളെ വിവിധ തലങ്ങളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരീക്ഷിക്കുകയാണ് ലക്ഷ്യം. തെരുവു നാടകങ്ങളും സംവാദങ്ങളുമായി ജനങ്ങളെ നേരിട്ടു സമീപിക്കാൻ ഇവരെ സജ്ജമാക്കും. 
2014 ലെ ബി.ജെ.പിയുടെ ഹൈടെക് പ്രചാരണത്തിന് ചുക്കാൻ പിടിച്ചാണ് പ്രശാന്ത് കിഷോർ ദേശീയ ശ്രദ്ധയാകർഷിച്ചത്. പിറ്റേ വർഷം ബിഹാറിലും സമാനമായ പ്രചാരണത്തിന് നേതൃത്വം നൽകി. 
ഈയിടെ ശിവസേനയെ അനുനയിപ്പിക്കാൻ പ്രശാന്ത് കിഷോറിനെ എൻ.ഡി.എ നേതൃത്വം ഉപയോഗിച്ചിരുന്നു. ശിവസേന തന്നെ വിരുന്നിന് ക്ഷണിക്കുകയായിരുന്നുവെന്നാണ് പ്രശാന്ത് പറയുന്നത്. എന്നാൽ ശിവസേനയുടെ ഇലക്ഷൻ തന്ത്രങ്ങൾ തയാറാക്കാനുള്ള ക്ഷണമായിരുന്നു അതെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. 
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വരികയാണെങ്കിൽ നിതീഷ് കുമാർ പ്രധാനമന്ത്രി പദത്തിലെത്താൻ സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോൾ പ്രശാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നരേന്ദ്ര മോഡിയാണ് എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അദ്ദേഹം തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. എങ്കിലും ബി.ജെ.പിയും ശിവസേനയും കഴിഞ്ഞാൽ എൻ.ഡി.എയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ജെ.ഡി (യു)'. 

 

Latest News