Sorry, you need to enable JavaScript to visit this website.

മോഡി സര്‍ക്കാരിന് റിസര്‍വ് ബാങ്ക് വക 28,000 കോടിയുടെ ഇടക്കാല ലാഭവിഹിതം 

ന്യൂദല്‍ഹി- പൊതുതെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടക്കാല ലാഭവിഹിതമായി നരേന്ദ്ര മോഡി സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. റിസര്‍വ് ബാങ്ക് ബോര്‍ഡിന്റേതാണ് തീരുമാനം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റിസര്‍വ് ബാങ്ക് ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് മുന്‍കൂറായി നല്‍കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ തുക മോഡി സര്‍ക്കാരിനു വിവിധ പദ്ധതികള്‍ക്കു വേണ്ടി ചെലഴിക്കാനാകും. കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച നേരിട്ടുള്ള പണ വിതരണം അടക്കമുള്ള പദ്ധതികള്‍ മൂലമുണ്ടാകുന്ന ബജറ്റ് കമ്മി പരിഹരിക്കാനും ഇത് സഹായകമാകും.

തുര്‍ക്കി കേന്ദ്ര ബാങ്കിന്റെ നീക്കത്തെ മാതൃകയാക്കിയാണ് റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ ജനപിന്തുണ പരീക്ഷിക്കപ്പെടുന്ന മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി തുര്‍ക്കി കേന്ദ്ര ബാങ്ക് ഉര്‍ദുഗാന്‍ സര്‍ക്കാരിനെ സഹായിച്ചിരുന്നു. പ്രധാനമന്ത്രി മോഡിയുടെ ജനപിന്തുണ പരീക്ഷിക്കപ്പെടുന്ന മേയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഈ ലാഭവിഹതം സഹായകമാകും.

ബിജെപി സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുള്ള രാജ്യത്തെ കര്‍ഷകരെയും മറ്റു വോട്ടര്‍മാരേയും മയക്കാന്‍ മോഡി സര്‍ക്കാരിന് പണം കണ്ടത്തേണ്ടതുണ്ട്. മാര്‍ച്ച് 31-നകം പൂര്‍ത്തിയാക്കേണ്ട ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി സര്‍ക്കാര്‍ 20,000 കോടി വകയിരുത്തിയതോടെ സര്‍ക്കാരിന് കൂടുതല്‍ പണം ആവശ്യമായി വന്നിരിക്കുകയാണ്. 4.9 ഏക്കര്‍ ഭൂമിയുള്ള രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 2000 രൂപ വീതം മൂന്ന് തവണയായി നേരിട്ട് അക്കൗണ്ടിലിട്ടു കൊടുക്കുന്ന ഈ പദ്ധതി കര്‍ഷരുടെ പിന്തുണ നേടാനുള്ള അവസാന ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോള്‍ നല്‍കുന്ന ലാഭവിഹിതം പരിമിത ഓഡിറ്റ് അവലോകനത്തെ അടിസ്ഥാനമാക്കിയും നിലവിലെ സാമ്പത്തിക മൂലധന ചട്ടക്കൂട് പ്രകാരവും ആണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം ജൂലൈയില്‍ ആരംഭിച്ച് ജൂണിലാണ് അവസാനിക്കുന്നത്. മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 74,140 കോടി രൂപ ലാഭവിഹിതമായി ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ബജറ്റിലുള്ളത്. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 82,910 കോടി രൂപയാണ്.

hjgfuik8

റിസര്‍വ് ബാങ്കില്‍ നിന്നും മോഡി സര്‍ക്കാര്‍ കൂടുതല്‍ ലാഭവിഹിതം ആവശ്യപ്പെട്ടത് ഈയിടെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ മോഡി സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടെ പൊടുന്നതനെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെക്കാന്‍ കാരണവും ഇതാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
 

Latest News