Sorry, you need to enable JavaScript to visit this website.

ഗോധ്ര കത്തിച്ചതു പോലെ മോഡി കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കണമെന്ന് ബിജെപി നേതാവ് സാധ്വി പ്രാചി- Video

ന്യൂദല്‍ഹി- പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാന്‍ 2002ല്‍ ഗോധ്രയില്‍ കലാപമുണ്ടാക്കിയ പോലെ പാക് നഗരങ്ങളായ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കണമെന്ന് തീപ്പൊരി വര്‍ഗീയ പ്രസംഗങ്ങളുമായി വാര്‍ത്തകളില്‍ നിറയുന്ന ബിജെപി നേതാവ് സാധ്വി പ്രാചി പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്ന വിഡിയോ വൈറലായി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാചിയുടെ പ്രസ്താവന. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയില്‍ പ്രാചി പറയുന്നത് ഇങ്ങനെ: 'പ്രാധനമന്ത്രിയോട് കൈകൂപ്പി ഞാന്‍ അപേക്ഷിക്കുകയാണ്. ഗോധ്ര കൂട്ടക്കൊല പോലുള്ള ഒന്ന് പാക്കിസ്ഥാനില്‍ സൃഷ്ടിച്ചാല്‍ ഈ രാജ്യം ഒന്നടങ്കം പ്രധാനമന്ത്രിക്കു മുമ്പില്‍ കുനിയും. റാവര്‍പിണ്ടിയും കറാച്ചിയും നാം കത്തിക്കാതെ ഭീകരവാദം അവസാനിക്കില്ല.'

ഈ വിഡിയോ പ്രചരിച്ചതോടെ ഗോധ്ര കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ആരാണെന്ന ചോദ്യം ട്വിറ്ററില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. 2002-ല്‍ ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തിലേക്കു നയിച്ച ഗോധ്രയില്‍ ട്രെയ്‌നിനു തീയിട്ട സംഭവത്തിനു പിന്നില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ പങ്ക് പറയാതെ പറയുന്നതാണ് സാധ്വിയുടെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു. ബിജെപി നേതാവ് സാധ്വി പ്രാചി ഇതു സംബന്ധിച്ച് രണ്ടു കാര്യങ്ങളാണ് വ്യക്തമാക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ ഒരു ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി. 1) തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയല്‍ മോഡി സര്‍ക്കാര്‍ ഒരു നാടകം കളിക്കും. 2) ഗോധ്ര കൂട്ടക്കൊലയ്ക്കു പിന്നില്‍ ആരാണെന്ന് അവര്‍ പരസ്യമായി പറഞ്ഞിരിക്കുന്നു.

2002-ല്‍ ഗോധ്രയില്‍ ട്രെയ്‌നിന് തീയിട്ടുണ്ടായ അപകടത്തില്‍ 60 ഹിന്ദു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ട സംഭവമാണ് ഗുജറാത്തില്‍ നാലായിരത്തിലേറെ മുസ്ലിംകളുടെ കൂട്ടക്കൊലയ്ക്ക് കാരണമായി രൂക്ഷമായ വര്‍ഗീയ കലാപത്തിന് കാരണമായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1200ഓളം പേര്‍മാത്രമെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഈ കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിട്ട മോഡിയെ രാജ്യാന്തര തലത്തലില്‍ വരെ വിലക്കപ്പെട്ടിരുന്നു. ബ്രിട്ടനും യുഎസും പേലും മേഡിക്ക് ഇതിന്റെ പേരില്‍ വിസ നിഷേധിച്ചിരുന്നു.

മുസ്ലിം വിരുദ്ധ കലാപമുണ്ടാക്കാന്‍ മോഡി ഭരണത്തിനു കീഴില്‍ ഹിന്ദുത്വ ശ്ക്തികള്‍ ശ്രമിച്ചതിന്റെ ഫലമാണ് ഗോധ്ര ട്രെയ്ന്‍ കത്തിക്കലെന്ന് നിരവധി സ്വതന്ത്ര വസ്തുതാന്വേഷണ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിംകളെ കൊല്ലാനും ആ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വര്‍ഗീയമായി ധ്രുവീകരിക്കാനുമായിരുന്നു ഇതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സംഭവം അന്വേഷിച്ച ഫോറന്‍സിക് സയന്‍സ് ലബോറട്ടറി കണ്ടെത്തിയത് ട്രെയ്‌നിനകത്തു നിന്ന് ആരോ തീവെച്ചുവെന്നായിരുന്നു. ഹിന്ദു തീര്‍ത്ഥാടകര്‍ കയറിയ കമ്പാര്‍ട്ടിനു നേര്‍ക്ക് മുസ്ലിംകള്‍ പുറത്തു നിന്നും തീവെയ്ക്കുകയായിരുന്നു എന്നായിരുന്നു ഹിന്ദുത്വരുടെ വ്യാപക പ്രചാരണം. എന്നാല്‍ കേസിലെ കുറ്റപത്രത്തിന്റെ ഭാഗമായി ഈ ഫോറന്‍സിക്ക് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത് പുറത്തു നിന്നും ട്രെയ്‌നിനകത്തേക്ക് കത്തുന്ന വസ്തു എറിയപ്പെട്ടിട്ടില്ലെന്നാണ്.

60 ലിറ്റര്‍ പെട്രോള്‍ ഒഴിച്ചാണ് കമ്പാര്‍ട്ടുമെന്റിന് തീയിട്ടത്. ഇത്രയും വലിയ അളവിലുള്ള പെട്രോല്‍ വഹിച്ച് ഒരു മുസ്ലിമിനു പോലും ഈ ട്രെയ്ന്‍ കമ്പാര്‍ട്‌മെന്റിലേക്ക് പ്രവേശിക്കാനാവില്ലെന്നും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിങ് വഘേല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്വന്തം നേട്ടത്തിന് സ്വന്തം കര്‍സേവകരെ പോലും കൊല്ലുന്നവരാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളെന്നും അവരെ തനിക്ക് നന്നായി അറിയാമെന്നും വഘേല പറഞ്ഞിരുന്നു. 

Latest News