Sorry, you need to enable JavaScript to visit this website.

'ശബരിമല പ്രാദേശിക വികാരം, മതം രാഷ്ട്രീയായുധമാക്കരുത്'

ചോ: പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്താണ് കോൺഗ്രസിന്റെ പ്രതീക്ഷകൾ?
ഉ: കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെക്കുറിച്ച് ഒരുപാട് പ്രയാസകരമായ ചോദ്യങ്ങളാണ് ഉയരുന്നത്. അതിനൊന്നും തൃപ്തികരമായ ഉത്തരം നൽകാൻ ഭരണപക്ഷത്തിന് സാധിക്കുന്നില്ല. ഇക്കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അതിന്റെ പ്രതിധ്വനിയാണ് കണ്ടത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും കോൺഗ്രസ് അധികാരത്തിൽ വന്നു. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പൊരുതുന്നത്. എന്നാൽ ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ പൊരുതാനും അവരെ തോൽപിക്കാനുമുള്ള കരുത്ത് കോൺഗ്രസിനേയുള്ളൂ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചുവരവിന്റെ പ്രശ്‌നമല്ല. ബി.ജെ.പി ഭരണത്തിന്റെ യാഥാർഥ്യം തുറന്നു കാണിക്കാനും ബദൽ പദ്ധതികൾ മുന്നോട്ടുവെക്കാനുമുള്ള അവസരമാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഞങ്ങളെല്ലാം ശ്രമിക്കുന്നത് ഈ രാജ്യത്തെ യുവജനങ്ങൾക്കും എല്ലാ വിഭാഗം ജനങ്ങൾക്കും മുന്നിൽ പുരോഗതിയുടെ പുതിയൊരു രൂപരേഖ സമർപ്പിക്കാനാണ്.

ചോ: എന്തൊക്കെ പ്രശ്‌നങ്ങളാണ് കോൺഗ്രസ് ഉന്നയിക്കാൻ പോവുന്നത്?
ഉ:  പ്രധാനമായും സമ്പദ്‌രംഗം. വിലക്കയറ്റം, പ്രത്യേകിച്ചും ഡീസലിന്റെയും പെട്രോളിന്റെയും വിലക്കയറ്റം. തൊഴിലവസരങ്ങളുടെ കാര്യത്തിൽ വൻ പ്രതിസന്ധിയാണ്. പല മേഖലങ്ങളിലും വരൾച്ച മുരടിച്ചു. നിരവധി വാഗ്ദാനങ്ങളുമായാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്, കള്ളപ്പണം, അഴിമതി, ആഭ്യന്തര സുരക്ഷ... എല്ലാ കാര്യത്തിലും ബി.ജെ.പി പരാജയപ്പെട്ടുവെന്നു മാത്രമല്ല, ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാൻ അവർ ശ്രമിക്കുകകൂടി ചെയ്തില്ല. ഇപ്പോൾ ഇലക്ഷൻ അജണ്ട തിരിച്ചുവിടാനാണ് അവരുടെ ശ്രമം. ലവ് ജിഹാദും ഘർ വാപസിയും മന്ദിർ-മസ്ജിദ് പ്രശ്‌നവുമൊക്കെയാണ് അവർ ഉന്നയിക്കുന്നത്. നോട്ട് അസാധുവാക്കലിന്റെ ഗുണമെന്തായിരുന്നു എന്ന് വിശദീകരിക്കാൻ ഇപ്പോഴും അവർക്ക് സാധിക്കുന്നില്ല. ഇതെല്ലാം ജനങ്ങളുടെ മനസ്സിലുണ്ട്. പ്രതിപക്ഷം ശ്രമിക്കുന്നത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രമല്ല, രാജ്യത്തിന് പുതിയ ഭാഷ തന്നെ നിർമിക്കാനാണ്. എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും അവർ തകർത്തിരിക്കുകയാണ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായാലും സി.ബി.ഐയായാലും ഇൻകം ടാക്‌സ് ആയാലും എല്ലാത്തിനെയും ഉപയോഗിച്ച് സർക്കാരിനെ എതിർക്കുന്നവരുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുകയാണ്. 

ചോ: വർഗീയ വിഷയങ്ങളിൽ ബി.ജെ.പിയും കോൺഗ്രസ് ഉൾപ്പെടെ മറ്റു പാർട്ടികളും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നല്ലേ പറയുന്നത്, ശബരിമല വിഷയത്തിൽ എന്താണ് സംഭവിച്ചത്? 
ചോ: ഒരു പ്രദേശത്തെ ജനങ്ങളുടെ വികാരം മാനിക്കേണ്ടതുണ്ട്. എന്നാൽ മതത്തെ ഉപയോഗിച്ച് വോട്ട് തേടുകയെന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. മതഭക്തരുടെ രാജ്യമാണ് ഇന്ത്യ. എല്ലാവർക്കും അവരുടേതായ വിശ്വാസാചാരങ്ങൾ നിലനിർത്താം. എന്നാൽ ആ വികാരം വോട്ട് നേടാൻ ഉപയോഗിക്കുന്നതും അത് ഒരു പാർട്ടിയുടെ നിലനിൽപിന്റെ തന്നെ അടിസ്ഥാനവുമാവുമ്പോഴാണ് പ്രശ്‌നം. എന്തുപറ്റി ഈ സർക്കാരിന്റെ വികസന മുദ്രാവാക്യങ്ങൾക്ക്? സ്വച്ഛ് ഭാരത്, ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ.. എല്ലാം എവിടെപ്പോയി? ഈ സർക്കാർ മികച്ച ഭരണം കാഴ്ചവെച്ചതിന്റെ വ്യക്തമായ തെളിവ് എവിടെ? ഇപ്പോൾ തീവ്രവിഭാഗത്തെ ഇളക്കിവിട്ട് വോട്ട് ആർജിക്കാനാണ് ശ്രമം. 

ചോ: കേരളത്തിൽ പ്രാദേശിക വികാരം മാനിക്കുമ്പോൾ തന്നെ ദേശീയ തലത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കുമെന്നാണോ?
ഉ: കോൺഗ്രസ് എന്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് എല്ലാവർക്കുമറിയാം. മൻമോഹൻ സിംഗ് സർക്കാർ ഭരിച്ച പത്തു വർഷക്കാലത്തിനിടയിൽ 14 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി. സമ്പദ്‌രംഗം ശക്തമായിരുന്നു, തൊഴിലവസരങ്ങളുണ്ടായിരുന്നു. നിക്ഷേപങ്ങൾ വന്നു. ഇന്ന് കാണുന്ന ഏറ്റുമുട്ടൽ രീതി യുവജനതക്ക് നൽകുന്നത് ശരിയായ സന്ദേശമല്ല. ഇന്ത്യൻ രാഷ്ട്രീയത്തിനു തന്നെ അത് നന്നല്ല. ഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി അരക്ഷിതാവസ്ഥയിലാണ്. കോൺഗ്രസ്മുക്ത ഭാരതത്തെക്കുറിച്ച് അവർ വാചാലരാവുന്നു, വിമർശിക്കുന്നവരെയൊക്കെ ദേശദ്രോഹികളാക്കുന്നു, ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് സുപ്രധാന റോളുണ്ട്. എപ്പോഴും ആക്രമണോത്സുകമായിരിക്കുന്നതും എതിർശബ്ദങ്ങളെ ബലം പ്രയോഗിച്ച് ഇല്ലാതാക്കുന്നതും നല്ല രീതിയല്ല. പാർലമെന്റിനെയെങ്കിലും മാനിക്കാനുള്ള ക്ഷമയുണ്ടാവണം. 

ചോ: പ്രസിഡൻഷ്യൽ രീതിയിൽ ഇലക്ഷനെ നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസും ആ ചതിക്കുഴിയിൽ വീഴുകയാണോ?
ഉ: ഇന്ത്യ ഒരു പാർലമെന്ററി ജനാധിപത്യമാണ്. എങ്കിലും നിലവിലെ പ്രധാനമന്ത്രി അവരുടെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിക്കുന്നതും കോൺഗ്രസിനെ പാർട്ടിയുടെ പ്രസിഡന്റ് നയിക്കുന്നതും തെറ്റല്ല. എന്നാൽ ഒരു വ്യക്തിയുടെ പ്രഭാവത്തിൽ നയിക്കപ്പെടാൻ മാത്രം ചെറുതല്ല ഇന്ത്യ എന്ന രാജ്യം. ആ വ്യക്തിക്ക് എന്തൊക്കെ സാധിച്ചുവെന്നതും പ്രധാനമാണ്. വലിയ വർത്തമാനം പറയാൻ എളുപ്പമാണ്. എന്നാൽ പലകാര്യങ്ങളെക്കുറിച്ചും ഇപ്പോൾ രാജ്യം ചോദിച്ചു തുടങ്ങിയിരിക്കുന്നു. അഴിമതിയെക്കുറിച്ചും റഫാൽ കരാറിനെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമെല്ലാം. ഒന്നിനും തൃപ്തികരമായ ഉത്തരമില്ല. റഫാൽ കരാറിൽ പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തെ എന്തിനാണ് സർക്കാർ ഭയക്കുന്നത്? 

ചോ: രാജസ്ഥാനിൽ അടിസ്ഥാനത്തിൽ താങ്കളുൾപ്പെടെ നടത്തിയ കഠിനാധ്വാനമാണ് കോൺഗ്രസിന്റെ വിജയത്തിൽ കലാശിച്ചത്. ദേശീയതലത്തിലും ഈ സേവനം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടോ?
ഉ: ഇത് ഏതെങ്കിലും വ്യക്തികളുടെ നേട്ടമല്ല. യഥാർഥത്തിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ജയിച്ചിട്ടുണ്ട്. ബി.ജെ.പിയെ നേരിടാൻ ബൂത്ത്തലത്തിൽ കോൺഗ്രസിനെ സജ്ജമാക്കുകയെന്നതാണ് പ്രധാനം. അതിനുള്ള എല്ലാ ഒരുക്കവും കോൺഗ്രസ് ചെയ്യുന്നുണ്ട്. ആരൊക്കെയായി സഖ്യം ചേരണമെന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് ഉപദേശം നൽകുന്നത് പ്രാദേശിക നേതൃത്വമാണ്. ബി.ജെ.പിയെ നേരിടാനും തോൽപിക്കാനുമുള്ള മാരിവിൽ മുന്നണിക്ക് ദേശീയതലത്തിൽ നേതൃത്വം നൽകാൻ കോൺഗ്രസിന് കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്.

Latest News