കൊല്‍ക്കത്ത- തോക്കു ചൂണ്ടി സ്വന്തം മകളെ തട്ടിക്കൊണ്ടു പോയ കേസില്‍ പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുപ്രഭാത് ബത്യബ്യാലിനേയും രണ്ടു കൂട്ടാളികളേയും ഭീര്‍ഭും ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന് ആരോപിച്ച് ജില്ലാ ബിജെപി നേതൃത്വം രംഗത്തു വന്നിരുന്നു. ഏതാനും മാസങ്ങല്‍ക്കു മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് കേസിലെ പ്രതിയായ സുപ്രഭാത് ബത്യബ്യാല്‍. ഇതിനു മുമ്പ് അദ്ദേഹം സിപിഎം ജില്ലാ കമ്മിറ്റി അംഗം ആയിരുന്നു.
സുപ്രഭാതിന്റെ മകളെ വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ടു പോയത്. സുപ്രഭാതിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തിരച്ചലില്‍ 22-കാരിയായ മകളെ ഉത്തര്‍ ദിനജ്പൂര്‍ ജില്ലയില്‍ നിന്ന് രക്ഷിച്ചതായും പൊലീസ് അറിയിച്ചു. ഞായറാഴച രാവിലെയാണ് യുവതിയെ ദല്‍ഖോല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും രക്ഷിച്ചത്. തട്ടിക്കൊണ്ടു പോകലില്‍ സുപ്രഭാതിനും രണ്ടു കൂട്ടാളികള്‍ക്കും പ്രധാന പങ്കുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കമോ കുടുംബ തര്‍ക്കമോ ആയിരിക്കാം ഈ തട്ടിക്കൊണ്ടു പോകലിനു പിന്നില്‍. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മൂന്ന് പേരേയും ചോദ്യം ചെയ്തു വരികയാണെന്നും ഭീര്‍ഭും ജില്ലാ പൊലീസ് മേധാവി ശ്യാം സിങ് പറഞ്ഞു.
ബിജെപി നേതാവിന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ലഭ്പൂരില്‍ സംഘര്‍ഷമുണ്ടായിരുന്നു. സുരി-കത്വ റോഡ് മൂന്ന് ദിവസമാണ് പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മനീറുല്‍ ഇസ്ലാമിന്റെ വാഹനത്തെ ആള്‍കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയും ഉണ്ടായി. എംഎല്‍എ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പൊലീസ് ലാത്തിവീശിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.