കാസര്‍കോട്- പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എം പ്രവര്‍ത്തകരെ പ്രതികളാക്കി പോലിസ് കേസെടുത്തു. സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലപ്പെട്ടവര്‍ക്ക് നേരത്തെ ഭീഷണിയുണ്ടായിരുന്നതായും എഫ.ഐ.ആറില്‍ പറയുന്നു.
ശരത് ലാലിനാണ് ഏറ്റവും കൂടുതല്‍ വെട്ടേറ്റത്. ശരത് ലാലിനെ കൊലപ്പെടുത്തിയശേഷം ദൃക്സാക്ഷിയെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് കൃപേഷിനെ ആക്രമിച്ചത്. ശരത് ലാലിനെ ആക്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട കൃപേഷിനെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.
പ്രത്യേക പോലിസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കൊലപാതകം നടന്ന സ്ഥലത്ത് പോലിസ് നടത്തിയ തിരച്ചിലില്‍ രണ്ട് മൊബൈല്‍ഫോണ്‍, ചെരിപ്പ്, വാളിന്റെ പിടി എന്നിവ കണ്ടെടുത്തു. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. കണ്ണൂര്‍ റേഞ്ച് ഐജി ബെല്‍റാം കുമാര്‍ ഉപാധ്യായ ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്ഐആറിലെ വിവരങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണ പുരോഗതി വിലയിരുത്തി.