ന്യുദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ അജ്ഞാതന്‍ രാജ്യത്തെ രണ്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ഫോണില്‍ വിളിച്ച് ഏതാനും അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കര്‍ണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബി. രാധാകൃഷണന്‍ എന്നിവര്‍ക്കാണ് അജ്ഞാതന്റെ വിളി ലഭിച്ചതെന്ന് ദി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു. വിളി വന്നത് സുപ്രീം കോടതിയുടെ ഇലക്ട്രോണിക് പ്രൈവറ്റ് ബ്രാഞ്ച് എക്‌സ്ചേഞ്ച് സംവിധാനത്തില്‍ (EPBX) നിന്നാണെന്നും കണ്ടെത്തി. ഇതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു മൊബൈല്‍ ഫോണില്‍ നിന്നാണ് വിളി വന്നതെന്ന് സ്ഥിരീകരിച്ചു. സുപ്രിം കോടതിയിലെ ഇപിബിഎക്‌സ് സംവിധാനം ഹാക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ വിളി വഴി തിരിച്ചുവിടുകയാണ് അജ്ഞാതന്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സുപ്രീം കോടതി ഭരണവിഭാഗം ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ സെക്രട്ടറി ജനറല്‍ സഞ്ജീവ് കലഗോങ്കര്‍ ഉത്തരവിട്ടിട്ടുണ്ട്. ദല്‍ഹിയിലെ തിലക്‌നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതി പരാതി നല്‍കിയിട്ടുള്ളത്. ആള്‍മാറാട്ടം നടത്തി വിളിച്ചയാള്‍ സുപ്രീം കോടതിയിലെ പ്രൈവറ്റ് എക്‌സ്‌ചേഞ്ച് സംവിധാനം ഹാക്ക് ചെയ്തുവെന്ന് വ്യക്തമായിരിക്കുകയാണ്. കോടതിയലക്ഷ്യ കേസില്‍ കുരുക്കിലായ വിവാദ വ്യവസായി അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവില്‍ അട്ടിമറി നടത്തിയതിന് രണ്ട് സുപ്രീം കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടതിനു പിന്നാലെയാണ് ആള്‍മാറാട്ട ഫോണ്‍വിളിയിലൂടെ അജ്ഞാതന്റെ കബളിപ്പിക്കല്‍ ശ്രമം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ പേഴ്‌സണല്‍ പ്രൈവറ്റ് സെക്രട്ടറി എച്ച് കെ ജുനേജ ആണെന്ന് പരിചയപ്പെടുത്തി കഴിഞ്ഞയാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമിക്ക് അജ്ഞാതന്റെ വിളി വന്നത്. ചീഫ് ജസ്റ്റിസിനു വേണ്ടിയാണു വിളിക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതിയിലെ ഏതാനും അഭിഭാഷകരുടെ പേരുകള്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് ശുപാര്‍ശ നല്‍കണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞത്. രണ്ടു ദിവസത്തിനു ശേഷം ഇയാള്‍ വീണ്ടും ജസ്റ്റിസ് നാരായണ സ്വാമിയെ വിളിച്ച് ജുനേജയാണെന്ന് പരിചയപ്പെടുത്തുകയും ചീഫ് ജസ്റ്റിസ് ഗൊഗോയിക്ക് നേരിട്ട് സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ശേഷം ജസ്റ്റിസ് ഗൊഗോയിയുടെ ശബ്ദത്തില്‍ ഒരാള്‍ സംസാരിക്കുകയും ഏതാനും അഭിഭാഷകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബി. രാധാകൃഷ്ണനും സമാന രീതിയിലാണ് അജ്ഞാതന്‍ വിളിച്ചതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു.
വിളി ലഭിച്ച രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായുള്ള പതിവ് സംഭാഷണത്തിനിടെയാണ് ഈ ആള്‍മാറാട്ട വിളികളെ കുറിച്ച് ചീഫ് ജസ്റ്റിസ് ഗൊഗോയ് അറിയുന്നത്. ഉടന്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗവും ജസ്റ്റിസ് ഗൊഗോയ് വിളിച്ചു ചേര്‍ത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സുപ്രീം കോടതിയിലെ പ്രൈവറ്റ് എക്‌സ്‌ചേഞ്ച് സംവിധാനം ഹാക്ക് ചെയ്യപ്പെടുന്നതു സംബന്ധിച്ച് വിശദമായി ചോദിച്ചറിയുകയും ചെയ്തു. തന്റെ ശബ്ദത്തിലോ, തന്റെ ഓഫീസില്‍ നിന്നോ ലഭിക്കുന്ന ഇത്തരം ഫോണ്‍ കോളുകള്‍ കണക്കിലെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും ജസ്റ്റിസ് ഗൊഗോയ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.