ബഡ്ഡി- കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ചാവേറാക്രമണം നടത്തിയ ആദില്‍ അഹ്മദ് ദറിനെ പ്രകീര്‍ത്തിച്ച് വാട്‌സാപ്പില്‍ ചിത്രം പോസ്റ്റ് ചെയ്ത ബി.ടെക് വിദ്യാര്‍ഥി ഹിമാചല്‍ പ്രദേശില്‍ അറസ്റ്റിലായി. ബഡ്ഡിയിലെ ചിത്കാര യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയും കശ്മീര്‍ സ്വദേശിയുമായ തഹസീന്‍ ഗുല്‍ എന്ന 21 കാരനാണ് അറസ്റ്റിലായത്. ദൈവം നിങ്ങളുടെ രക്തസാക്ഷിത്വം സ്വീകരിക്കട്ടെ എന്നെഴുതിയതിനോടൊപ്പം ചാവേര്‍ ആദിലിന്റെ ചിത്രം വാട്‌സാപ്പില്‍ പ്രൊഫൈല്‍ ഫോട്ടോ ആയി നല്‍കുകയായിരുന്നു. യൂനിവേഴ്‌സിറ്റി ഡീന്‍ റിട്ട. കേണല്‍ എ.കെ ചൗഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
രാജസ്ഥാനില്‍ സമൂഹ മാധ്യമ പോസ്റ്റുകളുടെ പേരില്‍ കശ്മീരില്‍നിന്നുള്ള നാല് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനികളെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (നിംസ്) സസ്‌പെന്റെ ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളായ തല്‍വീന്‍ മന്‍സൂര്‍, ഇഖ്‌റ, സുഹ്‌റ നാസിര്‍, ഉസ്മ നാസിര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ ആഹ്ലാദിക്കുന്ന സ്റ്റാറ്റസ് വാട്‌സാപ്പില്‍ ഷെയര്‍ ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ദേശവിരുദ്ധ സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചുവെന്നാണ് നിംസ് രജസ്ട്രാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്നും ഉച്ചയോടെ കോളേജിന് പുറത്ത് പ്രകടനം നടത്തിയവര്‍ നടപടി ആവശ്യപ്പെട്ടുവെന്നും നിംസ് വാര്‍ഡന്‍ സുശീല ചേത്രി പറഞ്ഞു. വിദ്യാര്‍ഥികളെ കാമ്പസില്‍നിന്ന് പുറത്താക്കുന്നതുവരെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയില്ലെന്നും പോലീസില്‍ അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വൈകിട്ട് അഞ്ചരയോടെ അവര്‍ കാമ്പസില്‍നിന്ന് പുറത്തുപോയിരുന്നുവെന്നും വാര്‍ഡന്‍ അറിയിച്ചു.