Sorry, you need to enable JavaScript to visit this website.

കടലുണ്ടിപ്പുഴയോരത്തെ  മധുരിക്കും നോമ്പ് കാലം

പതിനാലു വർഷമായി മുജാഹിദ് വിഭാഗങ്ങൾ തമ്മിലുണ്ടായ അകൽച്ച ജീവിതത്തിൽ എന്നും വേദനയായിരുന്നു. അതില്ലാതായതിന്റെ സന്തോഷം തന്നെയാണ് ഈ വർഷത്തെ റമദാനിലെ ആശ്വാസം. കുടുംബങ്ങളിപ്പോൾ വലുതായിരിക്കുന്നു. ഇഫ്താറുകളിലും നോമ്പു 
തുറകളിലും ഇത് പ്രകടമാവുന്നു.
മധുരിക്കുന്ന ഓർമകളാണ് കടലുണ്ടിപ്പുഴയുടെ തീരത്തെ ഇന്നലെകളിലേക്ക് നടക്കുമ്പോൾ കേരള നദ്‌വത്തുൽ മുജാഹിദീൻ സംംസ്ഥാന അധ്യക്ഷൻ ടി.പി.അബ്ദുല്ലക്കോയ മദനിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ബാല്യവും യൗവനവും റമദാനിലേക്ക് പായിക്കുമ്പോൾ ജീവിതത്തിൽ നവോന്മേഷം ലഭിക്കുന്നത് പോലെ. കോഴിക്കോട് ഓഫീസിലിരുന്ന് ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു:
ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ഒരു റമദാൻ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കാരണം 14 വർഷമായി ഒരേ സംഘടനയിലുണ്ടായ പിളർപ്പിന് മാസങ്ങൾക്ക് മുമ്പാണ് പരിഹാരമായത്. എല്ലാവരും ഒരുമിച്ചു ചേരുന്നു ഈ റമദാൻ കാലത്ത്.
   കുട്ടിക്കാലത്ത് നോമ്പ് ആവേശം നൽകുന്നത് കൂട്ടുകാരോടൊത്ത് മൽസരിക്കുമ്പോഴാണ്. സ്ഥിരം നോമ്പ് എടുക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. കടുത്ത വേനലിലായിരുന്നു അന്നത്തെ നോമ്പ് കാലം. ശരിക്കും തളർന്നു പോവും. ആയതിനാൽ കുട്ടിയായതിനാൽ ചില ദിവസങ്ങളിൽ അത്താഴത്തിന് വിളിക്കില്ല. നേരം പുലർന്നാൽ കൂട്ടുകാരിൽ ചിലർ നോമ്പുകാരാവും. ഇതോടെ വീട്ടുകാരോട് പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാതെ നോമ്പുകാരനായി നിലയുറപ്പിക്കും. സമര മുറ ഫലിക്കുന്നതോടെ അടുത്ത നോമ്പിന് അത്താഴത്തിന് രക്ഷിതാക്കൾ വിളിക്കും. അന്നത്തെ നോമ്പ് ശീലമാണ് പിൽക്കാലത്ത് പ്രയാസമല്ലാതെ അനുഗ്രഹമാവുന്നത്.
   കേരളത്തിലെ സുന്നി ആദർശത്തിലൂടെയാണ് ഞാൻ കടന്നുവന്നത്. പഠനകാലത്ത് ഇന്നത്തെ കാന്തപുരം അബൂബക്കർ മുസ്‌ല്യാരടക്കമുളളവരായിരുന്നു താനൂരിലെ സഹപാഠികൾ. സമസ്തയുടെ ശിൽപിയായ ഇ.കെ.അബൂബക്കർ മുസ്‌ല്യാരുടെ ശിഷ്യത്വത്തിലായിരുന്നു പഠനം. ഇക്കാലത്ത് പരിവർത്തനത്തിന്റെ പാതയിലുള്ള മുജാഹിദ് വിഭാഗങ്ങളുമായി സുന്നി വിഭാഗം ഖണ്ഡന പ്രസംഗങ്ങളുണ്ടാകും.  ആദർശ വിശദീകരണങ്ങൾ കേൾക്കാൻ വിദ്യാർത്ഥിയായ കാലഘട്ടത്തിൽ പോവുമായിരുന്നു. ആയിടക്കാണ് തവനൂരിൽ ഇത്തരത്തിലൊരു വാദപ്രതിവാദം കേൾക്കാൻ ഇടയായത്. ഇതോടെ സുന്നി ആശയങ്ങളിൽ നിന്ന് ഞാൻ മുജാഹിദ് ആശയത്തിലേക്ക് മാറി. എന്റെ വീട്ടുകാരിൽ വരെ എതിർപ്പുണ്ടാക്കിയിരുന്നെങ്കിൽ പിൽക്കാലത്ത് അവർ മാത്രമല്ല നാട്ടിൽ ഒരു മഹല്ല് തന്നെയുണ്ടായി. 
വിദ്യാർത്ഥിയായിരിക്കുമ്പോൾ എനിക്ക് ലഭിച്ച കുടുംബത്തിലെ പരിഗണന തന്നെയായിരുന്നു ഇതിന് കാരണം. കേരളത്തിലെ പട്ടണങ്ങൾ തൊട്ട് ചെറിയ ഗ്രാമങ്ങൾ വരെയും വിദേശ നാടുകളിലും പ്രസംഗ പ്രബോധകനായി സഞ്ചരിച്ചതിനാൽ കൂടുതൽ അറിവുകൾ നേടാനായി. 
റമദാൻ കാലത്ത് പ്രഭാഷണങ്ങൾ വർധിക്കും. കേരള നദ്‌വത്തുൽ മുജാഹിദീൻ ഓരോ കാലഘട്ടത്തിലും പ്രബോധനത്തിനായി പ്രത്യേക ടൈംടേബിൾ തന്നെ തയാറാക്കിയിട്ടുണ്ട്. ആവേശ പ്രസംഗങ്ങൾക്ക് പകരം ആദർശങ്ങളെ ലാളിത്യത്തോടെ അവതിരിപ്പിക്കാനാണ് ഞാൻ എന്നും ശ്രമിച്ചത്. സുന്നി ആദർശത്തിലടക്കം ജീവിക്കുന്നവരുടെ ഇടയിൽ പോലും അവരുടെ ആദർശങ്ങളെ ഒറ്റയടിക്ക് അടച്ചാക്ഷേപിക്കാതെ ലളിതമായി യാഥാർത്ഥ്യം ബോധ്യപ്പെടുത്തി നൽകും. നോമ്പിന് രാത്രികാലങ്ങളിലായിരുന്നു പ്രഭാഷണങ്ങളേറെയും.
   വീടുകളിലെ നോമ്പു തുറകൾ ഇന്ന് വലിയ ഇഫ്താറുകൾക്ക് വഴിമാറുന്ന കാലമാണല്ലോ. സത്യത്തിൽ ഇഫ്താറുകൾ നന്മയുടെ പ്രതീകങ്ങളാണെങ്കിലും തീന്മേശകളിൽ നിരത്തുന്ന വൈവിധ്യമുള്ള വിഭവങ്ങൾ ലാളിത്യത്തേയും നന്മയേയും ഇല്ലാതാക്കുന്നു. പഴയ കാലത്ത് പത്തിരിയും അതിലേക്ക് ഒരു കറിയും. ക്ഷീണം അകറ്റാൻ തരിക്കഞ്ഞിയും. രാത്രിയിൽ ജീരകക്കഞ്ഞി. അത്താഴത്തിന് ചോറും കറിയും. ആവശ്യത്തിനുളള ഭക്ഷണമാണ് വേണ്ടത്. ചൈനീസ്, അറേബ്യൻ വിഭവങ്ങൾ ഇന്ന് വീടിന്റെ അടുക്കളയിൽ വരെ കയറി എത്തുന്നു. ഇത്തരം ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കണം. ആരോഗ്യത്തെ മനപ്പൂർവ്വം ഇല്ലാതാക്കുകയാണ് ഇത് വഴി ചെയ്യുന്നത്. പഴയകാല വിഭവങ്ങളിലേക്ക് നാം തിരിച്ചെത്തിക്കുമ്പോൾ നമുക്ക് കഴിഞ്ഞപോയ കാലം ഓർക്കാനും കഴിയും. അല്ലാത്ത പക്ഷം ഭക്ഷണത്തിൽ പൊങ്ങച്ചക്കാരാവാൻ മാത്രമേ കഴിയുകയുളളൂ.
  കേരളത്തിൽ സംഘടനകളും മറ്റും ഏറെയുണ്ടെങ്കിലും സമുദായത്തിലേയും സമൂഹത്തിലേയും ജീർണതകൾക്കെതിരെ പോരാടാൻ പലരും ശ്രമിക്കാറില്ല. വ്യക്തികളും സംഘടനകളും പരസ്പരം പോർവിളിക്കാതെ പ്രഭാഷണങ്ങൾ നടത്തണം. ആദർശപരമായി മറ്റു സംഘടനകളോട് വിയോജിപ്പുണ്ടങ്കിലും ഇന്നും എല്ലാ പണ്ഡിതന്മാരുമായും സഹവർത്തിത്വത്തിന് ശ്രമിക്കാറുണ്ട്. ഒന്നിച്ച് പോകേണ്ട വിഷയങ്ങളിൽ ഒന്നിച്ചിരിക്കുകയും ചെയ്യും. ഇന്നത്തെ കാലഘട്ടത്തിൽ തിന്മകൾക്കെതിരെ പോരാടാൻ ഒന്നിച്ചു നിൽക്കണം. സമൂഹത്തിലെ ഇടനാഴികളിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോൾ മാത്രമേ സാമൂഹിക വിപത്തുകളെ ഉന്മൂലനം ചെയ്യാൻ കഴിയുകയുള്ളൂ.പതിനാലു വർഷമായി മുജാഹിദ് വിഭാഗങ്ങൾ തമ്മിലുണ്ടായ അകൽച്ച ജീവിതത്തിൽ എന്നും വേദനയായിരുന്നു. അതില്ലാതായതിന്റെ സന്തോഷം തന്നെയാണ് ഈ വർഷത്തെ റമദാനിലെ ആശ്വാസം. കുടുംബങ്ങളിപ്പോൾ വലുതായിരിക്കുന്നു. ഇഫ്താറുകളിലും നോമ്പു തുറകളിലും ഇത് പ്രകടമാവുന്നു. ഇത്തരം കൂടിച്ചേരലുകളാണ് സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യത്തിന് കാരണമാവുക.

Latest News