Sorry, you need to enable JavaScript to visit this website.

ജവാന്റെ വിലാപയാത്രയില്‍ ചിരിച്ചും കൈവീശിയും ബിജെപി എംപി സാക്ഷി മഹാരാജ്; പ്രതിഷേധം

ലഖ്‌നൗ- പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടെ ചിരിച്ചും കൈവീശിക്കാണിച്ചുമുള്ള തീപ്പൊരി ഹിന്ദുത്വ നേതാവും ബിജെപി എംപിയുമായ സാക്ഷി മഹാരാജിന്റെ പ്രകടനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമാ പ്രതിഷേധം. പലപ്പോഴും വര്‍ഗീയ, തീവ്രവാദ പ്രസ്താവനകളിറക്കി വിവാദം സൃഷ്ടിച്ച ഇദ്ദേഹം ഒരു തെരഞ്ഞെടുപ്പു റാലിയിലെന്ന പോലെയാണ് ജവാന്റെ അന്ത്യയാത്രയില്‍ പെരുമാറിയത്. സാക്ഷി മഹാരാജ് ചിരിക്കുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. കൊല്ലപ്പെട്ട ജവാന്‍ അജിത് കുമാറിന്റെ ഭൗതിക ശരീരവുമായി അദ്ദേഹത്തിന്റെ സ്വദേശമായ യുപിയിലെ ഉന്നാവൊയില്‍ ശനിയാഴ്ച നടന്ന വിപാല യാത്രയിലാണ് സംഭവം. ജവാന്റെ മൃതദേഹം വഹിച്ച ട്രക്കില്‍ പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം മുന്‍ നിരയില്‍ തന്നെ സാക്ഷി മഹാരാജ് സ്ഥാപനം ഉറപ്പിച്ചിരുന്നു. തീര്‍ത്തും അനൗചിത്യപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ചിത്ര സഹിതം ട്വീറ്റ് ചെയ്തു. വിഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്ത് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കുറിച്ചത്.

കേരളത്തില്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ജവാന്റെ ഭൗതികശരീരം സൂക്ഷിച്ച പെട്ടിക്കു സമീപം നിന്ന് സെല്‍ഫിയെടുത്ത ദിവസം തന്നെയാണ് യുപിയില്‍ സാക്ഷി മഹാരാജും അനുചിതമായി പെരുമാറിയത്. കണ്ണന്താനവും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

Latest News