ന്യൂദല്‍ഹി:ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ അര്‍പ്പിതിന്റെ ഉടമ രാഗേഷ് ഗോയലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീപിടുത്തത്തില്‍ 17 പേരാണ് മരിച്ചത്. തീപിടുത്തം ഉണ്ടായ ദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. രാഗേഷ് ഗോയല്‍ ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഗോയലിന്റെ ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളത്തില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഗോയലിനെ തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫെബ്രുവരി 12 പുലര്‍ച്ചെ 4.30 ഓടെയാണ് ഹോട്ടലില്‍ തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. മൂന്ന് മലയാളികള്‍ തീപിടുത്തത്തില്‍ മരിച്ചിരുന്നു.