Sorry, you need to enable JavaScript to visit this website.

കശ്മീര്‍ വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

ശ്രീനഗര്‍- ഹുര്‍റിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ ജമ്മു കശ്മീരിലെ അഞ്ചു പ്രധാന വിഘടനവാദി നേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനും പാക് അനുകൂലികള്‍ക്കുമെതിരായ നിലപാട് കേന്ദ്രം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന ഭരണകൂടമാണ് ഇവര്‍ക്ക് സുരക്ഷ നല്‍കിയിരുന്നു. ജമ്മു കശ്മീരില്‍ ഇപ്പോള്‍ ഭരണം  കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. മിര്‍വായിസിനെ കുടാതെ അബ്ദുല്‍ ഗനി ഭട്ട്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് ബിലാല്‍ ലോണ്‍, ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് ഹാശിം ഖുറെശി, ജമ്മു കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി നേതാവ് സാബിര്‍ ഷാ എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

ഒരു സാഹചര്യത്തിലും ഇവരുടെ സുരക്ഷയ്ക്കായി ഇനി സുരക്ഷാ സേനയെ ഉപയോഗപ്പെടുത്തുകയോ ഇവര്‍ക്കോ മറ്റു വിഘടനവാദികള്‍ക്കോ സുരക്ഷ നല്‍കുകയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇവര്‍ക്ക് മറ്റെന്തെങ്കിലും സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ അവയും ഉടനടി പിന്‍വലിക്കുമെന്നും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിഘടനവാദി നേതാക്കള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സൗകര്യങ്ങള്‍ പരിശോധിക്കാനും അവ ഉടനടി പിന്‍വലിക്കാനും സംസ്ഥാന പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

Latest News