ശ്രീനഗര്‍- പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കുനേരെ ആരംഭിച്ച ആക്രമണം തുടരുന്നു. പലസ്ഥലങ്ങളിലും കശ്മീരി വിദ്യാര്‍ഥികളടക്കമുള്ളവരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് കശ്മീരില്‍ ബന്ദാചരിക്കുകയാണ്.
വിദ്യാര്‍ഥികളടക്കമുള്ള കശ്മീരികള്‍ക്കെതിരെ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തങ്ങളോട് മുറികള്‍ ഒഴിയാന്‍ കെട്ടിട ഉടമകള്‍ ആവശ്യപ്പെട്ടിരിക്കയാണെന്ന് ഡെറാഡൂണിലെ കശ്മീരി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും സമാന റിപ്പോര്‍ട്ടുകളുണ്ട്. പട്‌നയില്‍ കശ്മീരി വ്യാപാരികളെ ജനക്കൂട്ടം ആക്രമിച്ചു.
ജമ്മുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും നിരവധി വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു.