സൗദി അറേബ്യ പാക്കിസ്ഥാനികള്‍ക്ക് വിസിറ്റ് വിസാ ഫീസ് കുറച്ചു

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍നിന്നുള്ള വിസിറ്റ് വിസാ ഫീസ് സൗദി അറേബ്യ ഗണ്യമായി വെട്ടിക്കുറച്ചു. 2000 റിയാലില്‍നിന്ന് 338 റിയാലായാണ് വിസിറ്റ് വിസാ ഫീ കുറച്ചത്. ഇത് പ്രാബല്യത്തില്‍വന്നതായി ഇസ്ലാമാബാദിലെ സൗദി എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസാ ഫീസ് 3000 റിയാലില്‍നിന്ന് 675 റിയാലായും കുറച്ചു.
സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ പ്രഖ്യാപനം സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് പാക്കിസ്ഥാനികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആഹ്ലാദം പകരുന്നതാണ്.
നേരത്തെ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വിസിറ്റ് വിസാ ഫീസ് കുറച്ചപ്പോള്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
സൗദിയില്‍ ജോലി ചെയ്യുന്ന പാക്കിസ്ഥാനികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ഫീസ് കുറച്ചത് വലിയ അനുഗ്രഹമാകും.
പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക, സാമൂഹിക സഹകരണം ഇസ്ലാമിക സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്നും പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി അവകാശപ്പെട്ടു. കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പിടുന്നുണ്ട്.

 

Latest News