Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും; ഇറക്കുമതി തീരുവ 200 ശതമാനമാക്കി

ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും ഇന്ത്യ 200 ശതമാനം ചുങ്കം ചുമത്തി. കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനെതിരെ ആരംഭിച്ച നടപടികളുടെ ഭാഗമാണിത്. വാണിജ്യ രംഗത്തു നല്‍കിയിരുന്ന അതിപ്രിയങ്കര രാഷ്ട്ര പദവി (എം.എഫ്.എന്‍) കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
200 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ സ്ഥരീകരിച്ചു.
പുല്‍വാമ സംഭവത്തിനുശേഷം പാക്കിസ്ഥാനുള്ള എം.എഫ്.എന്‍  പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന എല്ലാ സാധനങ്ങളുടേയും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമനമായി ഉടന്‍ പ്രാബല്യത്തോടെ ഉയര്‍ത്തി- അദ്ദേഹം പറഞ്ഞു.
വ്യാപാര രംഗത്ത് പാക്കിസ്ഥാന് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന എം.എഫ്.എന്‍ പദവി വെള്ളിയാഴ്ചയാണ് ഇന്ത്യ ഒഴിവാക്കിയത്. പാക്കിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
എം.എഫ്.എന്‍ പദവി പിന്‍വലിച്ചതിനെതിരെ ഉടന്‍ വൈകാരികമായി പ്രതികരിക്കാനില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു നിഷേധിച്ച പാക്കിസ്ഥാന്‍ വ്യാപാര രംഗത്തെ നടപടിയെ കുറിച്ച് ആലോചിച്ച് പ്രതികരിക്കുമെന്നും വ്യക്തമാക്കി.

 

Latest News