ശ്രീനഗര്‍-ജമ്മു കശ്മീരില്‍ സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. രജൗരിയില്‍ നൗഷീര സെക്ടറിലാണ് സംഭവം. രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് 48 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് മേജര്‍ റാങ്കിലുള്ള സൈനികന് ജീവന്‍ നഷ്ടമായത്.
നിയന്ത്രണ രേഖയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറി ഇന്ത്യന്‍ മേഖലയില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് ദുരന്തം. എന്‍ജിനീയറിംഗ് വിഭാഗത്തിലെ മേജര്‍ റാങ്കിലുള്ള ഓഫീസറാണ് കൊല്ലപ്പെട്ടത്.
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിക്കാറുണ്ടെന്ന് അതിര്‍ത്തി രക്ഷാ സേന പറഞ്ഞു. സൈന്യം കണ്ടെടുത്ത ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്- ഐ.ഇ.ഡി നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സൈനിക വാഹന വ്യൂഹത്തന് നേരെ വ്യാഴാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.