വാഷിംഗ്ടണ്‍- ലൈംഗിക ആരോപണങ്ങള്‍ നേരിട്ട മുന്‍ റോമന്‍ കത്തോലിക്കാ വൈദികന്‍ തിയോഡര്‍ മക്കരിക്കിന്റെ പുരോഹിത പട്ടം എടുത്തുകളഞ്ഞു. ആധുനിക കാലത്ത് വൈദിക പട്ടം നഷ്ടമാകുന്ന കത്തോലിക്ക കര്‍ദിനാള്‍മാരില്‍ ഏറ്റവും സീനിയറാണ് തിയോഡര്‍ മക്കരിക്ക്. അഞ്ച് ദശാബ്ദം മുമ്പ് ഒരു കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്തതാണ് ഇപ്പോള്‍ ആത്യന്തിക നടപടിയിലേക്ക് നയിച്ചത്.
കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്ന 88 കാരനായ മക്കരിക്ക് ആരോപിക്കപ്പെടുന്ന പീഡനത്തെ കുറിച്ച് ഓര്‍മയില്ലെന്നാണ് പ്രതികരിച്ചത്. 2001 മുതല്‍ 2006 വരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ ആര്‍ച്ച് ബിഷപ്പായിരുന്നു മക്കരിക്ക്. കര്‍ദിനാള്‍ സഭയില്‍നിന്ന് കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിഞ്ഞ ശേഷം കന്‍സാസിലെ മഠത്തില്‍ ഏകാന്ത വാസത്തിലാണ് അദ്ദേഹം. 1927 നുശേഷം കര്‍ദിനാള്‍ പദവയില്‍നിന്ന് രാജിവെച്ച ആദ്യ വ്യക്തമാണ് മക്കരിക്ക്.
കുട്ടികളുടെ ചൂഷണം എങ്ങനെ തടയാമെന്നതിനെ കുറിച്ച് വത്തിക്കാനില്‍ പ്രത്യേക സമ്മേളനം നടക്കാനിരിക്കെയാണ് മക്കരിക്കിനെ വൈദികരില്‍നിന്ന് പുറത്താക്കിയിരിക്കുന്നത്. പോയ ദശാബ്ദങ്ങളില്‍ നൂറുകണക്കിന് കുട്ടികളെ ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളാണ് പുരോഹിതര്‍ നേരിടുന്നത്.
അപ്പീലുകള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മക്കരിക്കിനെ പുരോഹിത പദവിയില്‍നിന്ന് പോപ്പ് പുറത്താക്കിയിരിക്കുന്നതെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
1970 കളില്‍ ന്യൂയോര്‍ക്കില്‍ പുരോഹിതനായിരിക്കെ കൗമാരക്കാരനെ ചൂഷണം ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ മുഖ്യ ആരോപണം. നിലവില്‍ ന്യൂയോര്‍ക്കില്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ തിമോത്തി ഡോളനാണ് ആരോപണം പരസ്യമാക്കിയത്. സ്വതന്ത്രമായ ഫോറന്‍സിക് ഏജന്‍സി അന്വേഷിച്ചുവെന്നും നിയമവിദഗ്ധര്‍, മനശ്ശാസ്ത്ര വിദഗ്ധര്‍, രക്ഷിതാക്കള്‍, ഒരു പുരോഹിതന്‍ എന്നിവരടങ്ങിയ സമതി ആരോപണങ്ങള്‍ ശരിവെച്ചുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. താന്‍ നിരപരാധിയാണെന്നും ഇങ്ങനെയൊരു സംഭവം തന്റെ ഓര്‍മയില്‍ ഇല്ലെന്നുമായിരുന്നു മക്കരിക്കിന്റെ പ്രതികരണം.
ഇതിനു പിന്നാലെ പുരോഹിതപട്ടത്തിനു പഠിച്ച നിരവധി പേര്‍ മക്കരിക്കിനെതിരെ ആരോപണം ഉന്നയിച്ചു. പഠനകാലത്ത് ന്യൂജഴ്‌സിയിലെ ബീച്ച് ഹൗസില്‍ തന്നോടൊപ്പം ഉറങ്ങുന്നതിന് മക്കരിക്ക് നിര്‍ബന്ധിച്ചുവെന്നായിരുന്നു ആരോപണങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിച്ചുവെന്ന ആരോപണവുമായും ഒരാള്‍ രംഗത്തുവന്നു. മക്കരിക്ക് ഉള്‍പ്പെട്ട രണ്ട് ലൈംഗിക കേസുകളില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുണ്ടായെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.