ന്യൂദൽഹി- പുൽവാമ ഭീകരാക്രമണം നേരിടുന്നതിനുള്ള നടപടിക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിലാണ് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗുലാം നബി ആസാദ് യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടത്തിനെ പിന്തുണയ്ക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാലത്തിൽ ദേശീയ, പ്രാദേശിക പാർട്ടികളുടെ സർവ്വകക്ഷിയോഗം വിളിച്ചുചേർക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഭീകരാക്രമണത്തെ സർവ്വകക്ഷിയോഗം അപലപിച്ചു.