ജമ്മു- പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മുവില്‍ വ്യാപക അക്രമം. ജനക്കൂട്ടം നിരവധി പേരെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ജമ്മു നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്. ആക്രമണങ്ങളില്‍ ഒരു ഡസനിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സമാധാനം നിലനിര്‍ത്തുന്നതിന് ഫഌഗ് മാര്‍ച്ച് നടത്താന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ആക്രമണം പ്രതീക്ഷിക്കുന്നതിനാലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
കര്‍ഫ്യൂ പ്രഖ്യാപിച്ചതായി ഉച്ചഭാഷിണിയിലൂടെ അറിയിച്ചിട്ടും ജമ്മു ഓള്‍ഡ് സിറ്റിയില്‍നിന്ന് ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. മുന്‍കരുതലെന്ന നിലയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് ജമ്മു ഡെയപ്യൂട്ടി കമ്മീഷണര്‍ രമേഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
ജമ്മുവില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച ബന്ദിനിടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സൈന്യം അഭ്യര്‍ഥിച്ചു.
ജമ്മുവിലെ ജ്വല്‍ ചൗക്ക്, പൂര്‍ണ്ണ മുന്‍ഡി, രേഹാരി, ശക്തിനഗര്‍, പെക്ക ഡാങ്ക, ജാനിപുര്‍, ഗാന്ധിനഗര്‍, ബക്ഷിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി.