ന്യുദല്‍ഹി- 44 സിആര്‍പിഎഫ് ജവാന്‍മാര്‍ ദാരുണമായി കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനു നല്‍കിയ ഉറ്റരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചു. ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയം ഉടന്‍ വിജ്ഞാപനമിറക്കും. ഇതു വ്യാപാര, വാണിജ്യ ബന്ധത്തെ സാരമായി ബാധിക്കും. രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ പരിപോഷിപ്പിക്കാന്‍ ലോക വ്യാപാര സംഘടനയുടെ രൂപീകരണത്തിനു ശേഷം 1996-ലാണ് ഇന്ത്യ ഈ പാക്കിസ്ഥാനു ഈ പദവി നല്‍കിയത്.
1999-ല്‍ നടന്ന ഇന്ത്യാ-പാക് കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോലും ഈ പദവി എടുത്തു മാറ്റിയിരുന്നില്ല. 2003-ലെ പാര്‍ലമെന്റ്് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2016-ലെ ഉറി ഭീകരാക്രമണം എന്നിവയുടെ പേരിലും ഈ പദവി എടുത്തു മാറ്റിയിരുന്നില്ല. പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക്കിസ്ഥാനും ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കും ശക്തമായ സന്ദേശം നല്‍കുന്ന നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നത്. പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്റെ കരങ്ങളുണ്ടെന്നതിന് 'തര്‍ക്കമറ്റ തെളിവ്' ഉണ്ടെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനുള്ള നപടപികള്‍ വിദേശകാര്യ മന്ത്രാലയം ഉടന്‍ സ്വീകരിക്കും. സാധ്യമായ എല്ലാ നയതന്ത്ര നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അഞ്ചു സുപ്രധാന രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ കണ്ട് പുല്‍വാമ ആക്രമണത്തിനു പിന്നിലെ പാക് ബന്ധത്തെ കുറിച്ച് വിവരണം നല്‍കി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗങ്ങളായ യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയാണ് ഗോഖലെ കണ്ടത്. കൂടാകെ യുറോപ്പിലേയും ഏഷ്യയിലേയും മറ്റു പ്രധാന രാജ്യങ്ങളേയും കാര്യ ബോധിപ്പിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ പ്രത്യക്ഷമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടാന്‍ വെള്ളിയാഴ്ച പാക് ഹൈക്കമ്മീഷണറെ വിദേശകാര്യ സെക്രട്ടറി വിളിച്ചു വരുത്തിയിരുന്നു. ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയേയും ദല്‍ഹിയിലേക്കു തിരിച്ചു വിളിച്ചിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യം ഇപ്പോഴും യുഎന്നില്‍ കാത്തുകെട്ടിക്കിടക്കുയാണ്. പാക്കിസ്ഥാനോട് കൂടുതല്‍ അടുപ്പമുള്ള ചൈനയാണ് ഇന്ത്യയുടെ ഈ ശ്രമത്തെ നിരന്തരം എതിര്‍ത്തു കൊണ്ടിരിക്കുന്നത്. യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം സംബന്ധിച്ച് അഭിപ്രായ ഐക്യമില്ലെന്നാണ് ചൈന ഇതിനു കാരണമായി പറയുന്നത്.