ശ്രീനഗര്‍-രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പുല്‍വാമയിലെത്തി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അന്തിമോപചാരമര്‍പ്പിച്ചു. ജവാന്മാരുടെ ഭൗതിക ശരീരങ്ങള്‍ തോളിലേറ്റി വാഹനത്തിലെത്തിക്കുന്നതില്‍ അദ്ദേഹവും പങ്കുചേര്‍ന്ന്.
വിമാന മാര്‍ഗം കശ്മീരിലെത്തിയ ആഭ്യന്തര മന്ത്രിയെ ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവികളും ചേര്‍ന്ന് സ്വീകരിച്ചു. പുല്‍വാമയിലെ ബദ്ഗാം സൈനിക ക്യാമ്പില്‍ എത്തിയാണ് അദ്ദേഹം ജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്. കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതിനിടെ, ഭീകരാക്രമണത്തിനു ശേഷമുള്ള സ്ഥിതിഗതികളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യുന്നതിനുള്ള സര്‍വകക്ഷി യോഗം നാളെ ചേരാന്‍ തീരുമാനിച്ചു. ശനിയാഴ്ച ദല്‍ഹിയില്‍ ചേരുന്ന യോഗത്തിനെത്താന്‍ എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ 11ന് പാര്‍ലമെന്റിന്റെ ലൈബ്രറി ഹാളിലാണ് യോഗം.