ന്യൂദല്‍ഹി- കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കും അതിനു പിന്തുണ നല്‍കിയവര്‍ക്കും കനത്ത വില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കി. കേന്ദ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കും. നയതന്ത്ര സമ്മര്‍ദം കടുപ്പിക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിന് വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
പാക്കിസ്ഥാനുമായുള്ള വാണിജ്യ സഹകരണത്തില്‍നിന്ന് ഇന്ത്യ പിന്മാറും. വ്യാപാര രംഗത്ത് ഇന്ത്യ പാക്കിസ്ഥാനു നല്‍കിയ അതിപ്രിയങ്കര പദവി റദ്ദാക്കി. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടകളെ കുറിച്ച് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് അറിയിക്കുമെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനോടൊപ്പം വാര്‍ത്താലേഖകരെ കണ്ട ജെയ്റ്റ്‌ലി പറഞ്ഞു.