അലിഗഢ്- അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസില്‍ അനുമതിയില്ലാതെ വാര്‍ത്താ ഷൂട്ടിങ്ങിനെത്തിയ സംഘപരിവാര്‍, ബിജെപി അനുകൂല വാര്‍ത്താ ചാനല്‍ സംഘത്തെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കേസിന് വകുപ്പില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കി. രണ്ടു ദിവസം മുമ്പാണ് മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബിജെപിക്കാരുടെ പരാതിയില്‍ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. ബിജെപിയുടെ യുവജന വിഭാഗമായ യുവ മോര്‍ച്ചാ അലിഗഢ് ഘടകം പ്രസിഡന്റ് മുകേഷ് ലോധിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനത്തില്‍ പാക്ക് അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്നായിരുന്നു പരാതി. സംഭവം വിവാദമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജ്യദ്രോഹം കുറ്റം ചുമത്താന്‍ തക്കതായി തെളിവുകളില്ലെന്ന് വ്യക്തമായി. വിഡിയോ തെളിവുകളടക്കം പരിശോധിച്ചെന്നും ഈ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന മുഖ്യ തെളിവുകളൊന്നുമില്ലെന്നും അലിഗഢ് ജില്ലാ പൊലീസ് മേധാവി ആകാശ് കുല്‍ഹരി അറിയിച്ചു. ബിജെപിക്കാര്‍ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തുടരന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റം ഒഴിവാക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.
ചൊവ്വാഴ്ച കാമ്പസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് 17 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ അഞ്ചു പേര്‍ പുറത്തു നിന്നുള്ളവരാണ്. ഈ വിവരങ്ങളും ഇതു സംബന്ധിച്ച് ലഭിച്ച 15 പരാതികളുടെ പട്ടികയും യുണിവേഴ്‌സിറ്റി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യുണിവേഴ്‌സിറ്റി അധികൃരുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഇവ ഒറ്റ കേസായി പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ എട്ടു വിദ്യാര്‍ത്ഥികളെ യുണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്നും അലിഗഢ് യുണിവേഴ്‌സിറ്റി നിലകൊള്ളുന്നത് രാഷ്ട്രനിര്‍മാണത്തിനാണെന്നും വക്താവ് ഉമര്‍ പീര്‍സാദ പറഞ്ഞു.
അനുമതിയില്ലാതെ യുണിവേഴ്‌സിറ്റി കാമ്പസില്‍ വാര്‍ത്താ ഷൂട്ട് ചെയ്യുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു ചെവികൊള്ളാതെ യൂണിവേഴ്‌സിറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍, ഭീകരവാദികളുടെ യൂണിവേഴ്‌സിറ്റി എന്ന വിശേഷിപ്പിച്ച് വനിതാ റിപോര്‍ട്ടര്‍ വാര്‍ത്ത ഷൂട്ട് ചെയ്യുന്നതിനിടെ അധികൃര്‍ തടയുകയായിരുന്നു. അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും റിപബ്ലിക് ടിവി ചാനല്‍ പ്രതിനിധികള്‍ തയാറായില്ല. യൂണിവേഴ്‌സിറ്റിയേയും വിദ്യാര്‍ത്ഥികളെയും അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷധിക്കുകയും ചെയ്തു. ഈ സംഭവങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്.