ഇസ്ലാമാബാദ്- ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ 44 സിആര്‍പിഎഫ് ജവാന്‍മാരുടെ ദാരുണാന്ത്യത്തിനിടയാക്കിയ ചാവേര്‍ ഭീകരാക്രണം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഈ ആക്രമണമവുമായി ഒരു ബന്ധവുമില്ലെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റിരുന്നു. ജയ്ഷ് ഭീകരനായ കശ്മീര്‍ സ്വദേശി ആദില്‍ അഹമദാണ് ചാവേര്‍ ആക്രമണം നടത്തിയത്.
ലോകത്തെ എവിടെ നടക്കുന്ന ആക്രമണങ്ങളേയും പാക്കിസ്ഥാന്‍ അപലപിക്കാറുണ്ട്. അന്വേഷണങ്ങള്‍ നടക്കാതെ ആക്രമണത്തെ പാക്കിസ്ഥാനുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങളിലേയും സര്‍ക്കാരിലേയും ഒരു വിഭാഗത്തിന്റെ ദുസ്സൂചനകളെ ശക്തമായി തള്ളിക്കളയുന്നുവെന്നും പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രതികരിച്ചിരുന്നു. ഭീകരരെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.