ശ്രീനഗര്‍- പുല്‍വാമയില്‍ അവന്തിപോറയില്‍ കഴിഞ്ഞ ദിവസം 44 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ കുറിച്ച് രണ്ടു ദിവസം മുമ്പ് തന്നെ മുന്നറിയിപ്പും സൂചനകളും ലഭിച്ചിട്ടും ഇന്റലിജന്‍സ് ഏജന്‍സികള്‍ കാര്യമായി ഒന്നും ചെയ്തില്ലെന്ന് റിപോര്‍ട്ട്. ആക്രമണം ഇന്റലിജന്‍സിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. ഒരു ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഈ സംഘടന രണ്ടു ദിവസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈനില്‍ പുറത്തു വിട്ട ഒരു വിഡിയോയിലാണ് ഈ ആക്രമണത്തെ കുറിച്ച് സൂചന നല്‍കിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അഫ്ഗാനില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. സമാനരീതിയിലാണ് കഴിഞ്ഞ ദിവസം പുല്‍വാമയിലും സ്‌ഫോടനം ഉണ്ടായത്. 78 വാഹനങ്ങളടങ്ങുന്ന സിആര്‍പിഎഫിന്റെ വാഹന വ്യൂഹത്തിനു നേര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ ഇടിച്ചു കയറ്റി സ്‌ഫോടനമുണ്ടാക്കിയാണ് പുല്‍വാമയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തിയത്.
മുന്നറിയിപ്പു രൂപത്തില്‍ ഭീകരര്‍ പുറത്തുവിട്ട വിഡിയോ സംസ്ഥാന പൊലീസിന്റെ ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു. എങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഈ വിഡിയോ പുറത്തു വന്ന പശ്ചാത്തലത്തില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങളെ നേരിടാനുള്ള വഴികളെ കുറിച്ച് ഉന്നതതല യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നതായും എന്നാല്‍ ആക്രമണം തടയാനുള്ള വഴികളൊന്നും തെളിഞ്ഞില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. വാഹന പരിശോധന ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതും ചാവേറുകളെ തടയാന്‍ അപര്യാപ്തമായിരുന്നു. ചര്‍ച്ച ചെയ്ത മറ്റൊരു വഴി സൈനിക വ്യൂഹത്തിന്റെ സഞ്ചാരം രാത്രി കാലങ്ങളിലാക്കുക എന്നതായിരുന്നു. ഈ സമയത്ത് ട്രാഫിക് കുറയുന്നത് പരിശോധന കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പിലാക്കിയില്ല.
350 കിലോയിലേറെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ചാവേര്‍ സൈനിക വാഹനവ്യൂഹത്തിന്റെ ഭാഗമായ ഒരു ഒരു ബസിനു നേരെ ഓടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ബസിലെ 39 പേരും കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ ബസ് പരിപൂര്‍ണമായി തകര്‍ന്നു തരിപ്പണമായി. മറ്റൊരു ബസ് ഭാഗികമായും തകര്‍ന്നു. 100 മീറ്ററോളം ദൂരത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ചിതറി കിടന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.