കാസർകോട് - ഓൺലൈൻ വഴി പണമിടപാട് സാധ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ കസ്റ്റമർ കെയർ ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്. യുവാവിന്റെ 2.7 ലക്ഷം രൂപ കവർന്നു. മംഗളൂരു ഹൊയ്‌കെ ബസാറിലെ കുന്ദൻ കുമാറാണ് (29) കബളിപ്പിക്കപ്പെട്ടത്. മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ ഇടപാടിൽ തനിക്ക് തിരികെ കിട്ടേണ്ട പണം അക്കൗണ്ടിൽ വരാത്തതിതിനെ തുടർന്ന് അപ്ലിക്കേഷന്റെ കസ്റ്റമർ കെയർ നമ്പറായി ഗൂഗിളിൽ കാണിച്ച മൊബൈൽ നമ്പറിൽ കുന്ദൻ ബന്ധപ്പെട്ട് പരാതിപ്പെട്ടു. ഫോൺ അറ്റൻഡ് ചെയ്തയാൾ കസ്റ്റമർ കെയർ ഏജന്റെന്ന വ്യാജേന സംസാരിച്ച് യുവാവിന്റെ അക്കൗണ്ട് നമ്പർ ചോദിച്ചു. പണം 24 മണിക്കൂറിനുള്ളിൽ അക്കൗണ്ടിലെത്തുമെന്നും അതിനായി മൊബൈൽ ഫോണിൽ ലഭിച്ച ഒ.ടി.പി. നമ്പർ പറയാനും ആവശ്യപ്പെട്ടു. പ്രമുഖ ആപ്പിന്റെ കസ്റ്റമർ കെയർ സെന്ററിലെ ആളോടാണ് സംസാരിക്കുന്നതെന്ന് വിശ്വസിച്ച് കുന്ദൻ ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്തു. അടുത്തദിവസം രാവിലെയാണ് യു.പി.ഐ ഇടപാട് മുഖേന തന്റെ അക്കൗണ്ടിൽനിന്ന് 2.7 ലക്ഷം രൂപ പിൻവലിച്ചതായി കുന്ദന് മനസ്സിലായത്. കബളിപ്പിക്കപ്പെട്ടതറിഞ്ഞ കുന്ദൻ സൈബർ പോലീസിൽ പരാതിനൽകി. പോലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ മംഗളൂരുവിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.