ലോസാഞ്ചലസ്- പതിനഞ്ച് വര്‍ഷമായി ചൊവ്വാ ഗ്രഹത്തില്‍ പഠനം നടത്തിവരുന്ന ഓപ്പര്‍ച്യുണിറ്റി പേടകം പ്രവര്‍ത്തനരഹിതമായതായി നാസ അറിയിച്ചു.
ജൂണ്‍ 10ന് ചൊവ്വയില്‍ വീശിയടിച്ച പൊടിക്കാറ്റിലാണ് ഓപ്പര്‍ച്യുണിറ്റിയുമായുള്ള ബന്ധം നഷ്ടമായത്. കാറ്റിനുശേഷം ഓപ്പര്‍ച്യുണിറ്റിയില്‍നിന്നു സന്ദേശങ്ങള്‍ ഭൂമിയിലെത്തിയിട്ടില്ലെങ്കിലും കമാന്‍ഡുകള്‍ അയക്കുന്നത് നാസ തുടര്‍ന്നിരുന്നു. എന്നാല്‍ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. കാറ്റിന്റെ തീവ്രത കുറഞ്ഞപ്പോള്‍ ഓപ്പര്‍ച്യുണിറ്റിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നാസ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
ചൊവ്വാഴ്ച പേടകത്തിലേക്കുള്ള സന്ദേശം അയച്ച് അവസാനശ്രമം നടത്തി നോക്കിയെങ്കിലും മറുപടിയുണ്ടായില്ലെന്നു സയന്‍സ് മിഷന്‍ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുഷന്‍ പറഞ്ഞു.
ചൊവ്വാഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ മാര്‍സ് എക്‌സ്‌പ്ലൊറേഷന്‍ റോവര്‍ പ്രോഗ്രാമിന്റെ ഭാഗമായി 2003 ജൂലൈയിലാണു പേടകം വിക്ഷേപിച്ചത്. 2004 ജനുവരിയില്‍ ചൊവ്വയിലെത്തി പ്രവര്‍ത്തനം തുടങ്ങി.
ചൊവ്വാ ഗ്രഹത്തിലെ അഗ്‌നിപര്‍വത മുഖങ്ങള്‍ ഓപ്പര്‍ച്യുണിറ്റി കണ്ടെത്തിയിരുന്നു. ജീവന്റെ തുടിപ്പുകളുടെ തെളിവുകളും ലഭിച്ചതായി നാസ അവകാശപ്പെടുന്നു. മിനറല്‍ ജിപ്‌സത്തിന്റെ ഭാഗങ്ങള്‍, മണ്ണിന് അടിയിലൂടെ വെള്ളം ഒഴുകുന്നതിനുള്ള സൂചനകള്‍ തുടങ്ങിയവയും ലഭിച്ചു.