ലഖ്‌നൗ- കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ത്താ സമ്മേളനം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. ലഖ്‌നൗവില്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനമാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി റദ്ദാക്കിയത്. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെങ്കിലും ഇപ്പോള്‍ അതിനു പറ്റിയ സമയമല്ലെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തെ ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ല. രാജ്യം മുഴുവന്‍ ഈ അവസരത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജവാന്മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പ്രിയങ്ക നല്‍കി.
കുടുംബത്തില്‍ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിലുള്ള വേദന മറ്റാരെക്കാളും നന്നായി തനിക്കറിയാമെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, രാജ്യം മുഴുവന്‍ ധീരസൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും. ഭീകരാക്രമണങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക പറഞ്ഞു.