Sorry, you need to enable JavaScript to visit this website.

മസൂദിനെ തളയ്ക്കാനുള്ള ശ്രമം വിഫലം; ഇന്ത്യയെ വീണ്ടും വിറപ്പിച്ച് ജയ്‌ഷെ മുഹമ്മദ്

ന്യൂദല്‍ഹി-കശ്മീരില്‍ 42 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ്. കശ്മീരി യുവാവ് ആദില്‍ ദറാണ് 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ടാറ്റാ സുമോ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിലെ ബസിലേക്ക് ഇടിച്ചു കയറ്റിയത്. അനന്ത്‌നാഗില്‍നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ബസില്‍ നിറയെ ജവാന്മാരുണ്ടായിരുന്നു. മൊത്തം 70 വാഹനങ്ങളാണ് സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദ് ചാവേറായ ആദിര്‍ അഹ്്മദ് ദറിന്റെ വിഡിയോ പുറത്തുവിട്ടു.
ഇന്ത്യയില്‍നിന്ന് കശ്മീരിനെ വിഭജിച്ച് പാക്കിസ്ഥാനോടൊപ്പം ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മൗലാനാ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദ്.
കശ്മീരില്‍ അറസ്റ്റിലായിരുന്ന മസൂദ് അസ്ഹറിനെ 1999 ല്‍ വാജ്‌പേയി സര്‍ക്കാരാണ് അഫ്ഗാനിസ്ഥാനില്‍ ബന്ദികളാക്കിയ 155 ഇന്ത്യന്‍ എയര്‍ ലൈന്‍സ് യാത്രക്കാരെ വിട്ടയക്കുന്നതിനു പകരമായി മോചിപ്പിച്ചത്. 2000 ല്‍ കശ്മീരിനെ വിമോചിപ്പിക്കുകയെന്ന മുദ്രാവാക്യവുമായി ജയ്‌ഷെ മുഹമ്മദിന് രൂപം നല്‍കി.
ഇന്ത്യയില്‍ ഇതിനു മുമ്പ് നടത്തിയ പല ആക്രമണങ്ങള്‍ക്കും പിന്നില്‍ ജയ്‌ഷെ മുഹമ്മദായിരുന്നു. പത്താന്‍കോട്ട് വ്യോമതാവളത്തിലും ഉറയിലും ഇവരാണ് ആക്രമണം നടത്തിയത്.
2016 ജനുവരിയിലാണ്  പത്താന്‍കോട്ട് ഏഴ് പേര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത്. 2016 സെപ്റ്റംബറില്‍ ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. കശ്മീരില്‍ നടന്ന സൈനികര്‍ക്കുനേരെ അതുവരെ നടന്നവയില്‍ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ഉറി ആക്രമണത്തിനു തിരിച്ചടി നല്‍കാനാണ് മോഡി സര്‍ക്കാര്‍ പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയത്. നിയന്ത്രണരേഖക്കപ്പുറത്ത് ഭീകരരുടെ ആക്രമണ കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.
2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ലശ്കറെ തയ്യിബയോടൊപ്പം ജയ്‌ഷെ മുഹമ്മദിനും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഒമ്പത് പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ ഉലച്ചില്‍ ഇനിയും നേരെയായിട്ടില്ല.
മൗലാനാ മസൂദ് അസ്ഹറിനേയും ജയ്‌ഷെ മുഹമ്മദിനേയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പിന്തുണച്ചിട്ടും യു.എന്നിന് സാധ്യമായില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ആവശ്യത്തെ ചൈന തള്ളുകയാണ്. യു.എന്‍ രക്ഷാ സമിതിയുടെ അല്‍ഖാഇദ ഉപരോധ കമ്മിറ്റിക്കു കീഴിലുള്ള പട്ടികയില്‍ മസൂദ് അസ്്ഹറിനെ ഉള്‍പ്പെടുത്താനുള്ള  ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഖ്യതടസ്സം ഇപ്പോള്‍ ചൈനയാണ്.

 

Latest News