ന്യൂദല്‍ഹി: ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ദേശീയശ്രദ്ധ നേടിയ സമരനായകന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്.
കനയ്യകുമാറിനെതിരെ സംഘപരിവാര്‍ പല വ്യാജ ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു.11 വര്‍ഷമായി കനയ്യകുമാര്‍ ജനങ്ങളുടെ പണം ചെലവഴിച്ചു പഠിക്കുകയാണെന്നും പിഎച്ച്ഡിയുടെ പരീക്ഷകളില്‍ 11 തവണയും പരാജയപ്പെട്ടു എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍. ഇതിനെ പിന്നാലെ കനയ്യകുമാര്‍ ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.
2016 ഫെബ്രുവരിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരിക്കെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന പ്രതിഷേധയോഗത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു എന്നായിരുന്നു കനയ്യക്കെതിരെ നല്‍കിയ എബിവിപിയുടെ ആരോപണം. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കനയ്യ കുമാറിനെ തിഹാര്‍ ജയിലിലടച്ചു.
കനയ്യക്കെതിരെ തെളിവായി എബിവിപി നല്‍കിയ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച ഫോറന്‍സിക് സംഘമായിരുന്നു വീഡിയോ പരിശോധിച്ചത്.