കൊല്‍ക്കത്ത- അഞ്ച് ദിവസങ്ങളിലായി സി.ബി.ഐ 36 മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ഈ മാസം 20-ന് മുമ്പ് സ്ഥലംമാറ്റുമെന്ന് സൂചന. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി 20 നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഇതിനു പുറമെ, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവും നിലവിലുണ്ട്. 2019 മേയ് 31 ന് ഏതെങ്കിലും സ്ഥലത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 20ന് ഇതുസംബന്ധിച്ച ഉത്തരവ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ കൈമാറിയിരുന്നു. സ്ഥലം മാറ്റം ഫെബ്രുവരി 28 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ ഉത്തരവ് നടപ്പാക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് ഉദ്യോഗസ്ഥര്‍ പിന്നീട് അറിയിക്കുകയായിരുന്നു.
2016 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജീവ് കുമാറിനെ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2016 മെയ് 21 ന് ഇദ്ദേഹത്തെ തിരികെ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഇങ്ങനെ തിരികെ എത്തിയതിനാല്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് രാജീവ് കുമാര്‍ വീണ്ടും മൂന്നുവര്‍ഷം തികയ്ക്കുന്നതിനാലാണ് സ്ഥലം മാറ്റം അനിവാര്യമായത്.