ജിദ്ദ - എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് അടുത്ത മാസം പുനരാരംഭിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് അടുത്ത മാസം പുനരാരംഭിക്കുന്നതിന് എത്യോപ്യൻ തൊഴിൽ മന്ത്രാലയവുമായി ധാരണയിലെത്തിയിട്ടുണ്ട്. അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫീസുകളെയും എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കും.
എത്യോപ്യൻ വേലക്കാരുടെ വേതനം ആയിരം റിയാലായി നിശ്ചയിച്ചിട്ടുണ്ട്. എത്യോപ്യയിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്ത് നൽകുന്നതിന് നാലായിരം റിയാൽ മുതൽ ഏഴായിരം റിയാൽ വരെയാണ് ചെലവ് വരിക. എത്യോപ്യൻ വേലക്കാരെ സ്വന്തം സ്‌പോൺസർഷിപ്പിൽ റിക്രൂട്ട് ചെയ്ത് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ആവശ്യക്കാർക്ക് കൈമാറുന്നതിനും റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫീസുകളെയും അനുവദിക്കും. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നത്. സൗദിയിലും എത്യോപ്യയിലും ലൈസൻസും അംഗീകാരവുമുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും വഴിയാണ് റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കിയതെന്ന് ഉറപ്പു വരുത്തുന്നതിന്, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴിയാണ് എത്യോപ്യൻ വേലക്കാരികളെ റിക്രൂട്ട് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.
എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് നൽകുന്നതിന് ഉപയോക്താക്കളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതിന് റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫീസുകളെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായി അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ അൽമുതൈരി പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് ചെലവ് കുറവാണ്. കൂടാതെ തൊഴിൽ സമ്മർദം സഹിക്കുന്നതിന് കഴിവുള്ളവരാണ് എത്യോപ്യക്കാർ. ഈ രണ്ടു ഘടകങ്ങളും എത്യോപ്യൻ വേലക്കാർക്കുള്ള ആവശ്യം ഉയർത്തും. സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയുടെ 50 ശതമാനവും എത്യോപ്യ സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
മുപ്പതു ദിവസത്തിൽ കുറയാത്ത കാലം പരിശീലനം നേടിയത് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റില്ലാത്തവരെ എത്യോപ്യയിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കില്ല. മുമ്പ് ക്രിമിനൽ കേസുകളിൽ പെടാത്തവരെയും ആരോഗ്യപരമായി ഫിറ്റ് ആയവരെയുമാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുക. മാർച്ചിൽ എത്യോപ്യയിൽ നിന്ന് 20,000 വേലക്കാരികളെ റിക്രൂട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്നും ഹുസൈൻ അൽമുതൈരി പറഞ്ഞു.
എത്യോപ്യയിൽ നിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തികൾക്ക് വിസകൾ അനുവദിക്കുന്നതിന് തുടങ്ങിയതായി റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ ഹുസൈൻ അൽഹാരിസി പറഞ്ഞു. ഫിലിപ്പൈൻസ്, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷകളുടെ ആധിക്യം കുറക്കുന്നതിന് എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിലൂടെ സാധിക്കും. പൊതുവിൽ സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വർധിക്കുന്നതിനും എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നത് സഹായകമാകുമെന്ന് ഹുസൈൻ അൽഹാരിസി പറഞ്ഞു.
എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ക്രമീകരിക്കുന്ന കരാറിൽ ഇരു രാജ്യങ്ങളും നേരത്തെ ഒപ്പുവെച്ചിരുന്നു. എന്നാൽ എത്യോപ്യൻ വേലക്കാരുടെ മിനിമം വേതനത്തെ ചൊല്ലിയുള്ള തർക്കം റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് പ്രതിബന്ധമാവുകയായിരുന്നു. എത്യോപ്യൻ വേലക്കാരുടെ മിനിമം വേതനമായി 850 റിയാലാണ് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ഇത് 1200 റിയാലായി ഉയർത്തണമെന്ന് എത്യോപ്യ ആവശ്യപ്പെട്ടു. മാരത്തോൺ ചർച്ചകളിലൂടെ ഇത് ആയിരം റിയാലായി നിശ്ചയിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതോടെയാണ് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങിയത്.