കോട്ടയം- തെരഞ്ഞെടുപ്പിന്റെ ആരവം ഉയരും മുമ്പേ അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണ് ഇവർ: കെ.സി വേണുഗോപാൽ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എൻ.ഡി.എയിൽനിന്ന് പി.സി. തോമസ്. ദേശീയ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവർ. വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്ന പരിചയം. ഇതിനകം തന്നെ ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെ മാനസപുത്രനായി മാറിയകെ.സി. വേണുഗോപാലിന്റെ പോരാട്ടം ദേശീയ ശ്രദ്ധയിൽ വരുമെന്ന കാര്യത്തിൽ തർക്കമില്ല. കർണാടകയിലും രാജസ്ഥാനിലും കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിന് വഹിച്ച നേതൃപാടവമാണ് കെ.സിയെ ദേശീയ നേതൃത്വത്തിന്റെ കണ്ണിലുണ്ണിയാക്കിയത്. ഇതോടെ ആലപ്പുഴയിൽ കെ.സിയുടെ മൂന്നാം അങ്കത്തിന് കളം ഒരുങ്ങി.
കെ.സി. വേണു ഗോപാൽ കഴിഞ്ഞാൽ സീറ്റുറച്ച ഒരു നേതാവാണ് ശശി തരൂർ. സിറ്റിംഗ് എം.പി എന്നതിനേക്കാൾ ഉപരി തിരുവനന്തപുരം പോലയുളള ഒരു മണ്ഡലത്തിൽ കടുത്ത മത്സരത്തിലും വിജയിച്ചുകയറിയതാണ് തരൂരിനെ ദേശീയ നേതൃത്വത്തിന് പ്രിയങ്കരനാക്കുന്നത്. സുനന്ദാ പുഷ്‌കറിന്റെ മരണത്തെ തുടർന്നുളള വിവാദ കൊടുങ്കാറ്റിലും തരൂരിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീണിട്ടില്ലെന്നാണ് കോൺഗ്രസ് നിഗമനം. തരൂർ മത്സര രംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു. ശബരിമല വിവാദത്തിലും ഹിന്ദു വോട്ടുകൾ വിധി നിർണയിക്കുന്ന മണ്ഡലത്തിൽ വിജയഗാഥ രചിക്കാൻ തരൂരിന് കഴിയുമെന്നു തന്നെയാണ് കോൺഗ്രസ് വിശ്വാസം.
പരാജയമറിയാത്ത കോൺഗ്രസിന്റെ പടക്കുതിരയാണ് കൊടിക്കുന്നിൽ സുരേഷ്. അഞ്ചാമൂഴത്തിനും കോൺഗ്രസ് സുധീരം രംഗത്ത് ഇറക്കുന്ന നേതാവാണ് കൊടിക്കുന്നിൽ സുരേഷ്. അടൂർ സംവരണ മണ്ഡലത്തിലും പിന്നീട് മാവേലിക്കരയിലും അടിപതറാത്ത പോരാളി. തിരുവനന്തപുരത്തുകാരനായ കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനാണ്. കെ.സി കഴിഞ്ഞാൽ കോൺഗ്രസ് എം.പിമാരിൽ നെഹ്‌റു കുടുംബവുമായി ഏറ്റവും അടുപ്പമുളള ആൾ.
കോൺഗ്രസിലെ ഈ മൂന്ന് എം.പിമാർ കഴിഞ്ഞാൽ മത്സര രംഗത്തേക്ക് കടന്നുവരുമെന്ന് തീർച്ചയായ പേരുകളിലൊന്നാണ് പി.സി. തോമസ്. കോട്ടയം പാർലമെന്റ് സീറ്റിൽ കേരള കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ച പി.സി. തോമസ് എൻ.ഡി.എ മുന്നണിയുടെ കുടക്കീഴിലാണ് അണിനിരക്കുക. പാർലമെന്റ് രംഗത്ത് പരിചിതൻ. അഭിഭാഷകൻ. മുൻ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ മകൻ. കേരളത്തിൽ എൻ.ഡി.എ ടിക്കറ്റിൽ വിജയിച്ച ഏക ലോക്‌സഭാംഗം -ഇതൊക്കെയാണ് പി.സി തോമസ്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിറ്റിഗ് എം.പി കെ.സി. വേണുഗോപാൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രണ്ടുവട്ടം ആലപ്പുഴയിൽനിന്നു നിയമസഭയിലേക്ക്. സംസ്ഥാന മന്ത്രി. പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത ചുവടുമാറ്റം. അവിടെയും വെന്നിക്കൊടി. 2009 മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയം. കോൺഗ്രസ് നേതൃനിരയിൽ രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി മാറിയ കെ.സി. വേണുഗോപാൽ ഇത് മൂന്നാം തവണയാണ് ആലപ്പുഴയിൽനിന്ന് മത്സരിക്കുക. ഇത്തവണ മത്സരിക്കുന്നില്ലെന്ന് നേരത്തെ അടുപ്പക്കാരെ അറിയിച്ചിരുന്ന കെ.സി. വേണുഗോപാൽ മാറുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തെ തുടർന്നാണ് തീരുമാനം മാറ്റിയതത്രേ.
കെ.സിയെ വീഴ്ത്തി ആലപ്പുഴ പിടിക്കാൻ ഇത്തവണ കരുത്തരെ തന്നെ സി.പി.എം രംഗത്തിറക്കുമെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെയും കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെയും പേരുകൾ വരെ മണ്ഡലത്തിൽ സജീവമാണ്. കഴിഞ്ഞ തവണ കൊല്ലത്ത് പരാജയപ്പെട്ടതിന്റെ മുറിവുണങ്ങാത്ത എം.എ. ബേബി ഇനി ഇല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എങ്കിലും പാർട്ടി തീരുമാനമായിരിക്കും അന്തിമം.
മാവേലിക്കരയുടെ മാനസ പുത്രനായി മാറിയ കൊടിക്കുന്നിൽ സുരേഷ് മുൻ കേന്ദ്ര തൊഴിൽ സഹമന്ത്രിയുമാണ്. അഞ്ചു തവണ ലോക്‌സഭാംഗമായി. മാവേലിക്കര സംവരണ മണ്ഡലത്തിൽനിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മെയ് 12 ന് സുപ്രീം കോടതി ഈ വിധി അസാധുവാക്കി. 2012 ഒക്ടോബർ 28 ന് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കൊടിക്കുന്നിൽ സുരേഷിനു തൊഴിൽ സഹമന്ത്രിയായി സ്ഥാനം ലഭിച്ചു.
രാജ്യാന്തര രംഗത്ത് ഏറ്റവും അറിയപ്പെടുന്ന ഇന്ത്യൻ എഴുത്തുകാരനും നയതന്ത്രജ്ഞനുമാണ് ശശി തരൂർ. യു.എൻ നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും ഐക്യരാഷ്ട്ര സഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. 1978 മുതൽ 2007 വരെ. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും പിന്മാറി. അമേരിക്കയിലും വിദ്യാഭ്യാസം നേടി. 2009 ലെ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നു ബി.ജെ.പിയിലെ ഒ.രാജഗോപാലിനെ തോൽപിച്ച് ലോക്‌സഭയിലെത്തി. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി.
കൊച്ചി ഐ.പി.എൽ ടീം വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18 ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് 2012 ൽ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956 ലാണ് ജനനം.
പി.സി. തോമസ് 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പിന്തുണയോടെ മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിച്ച സി.പി.എമ്മിലെ പി.എം. ഇസ്മായിലിനെയും ഐക്യജനാധിപത്യ മുന്നണിയിലെ കേരള കോൺഗ്രസ് (മാണി) സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയെയും തോൽപിച്ച് അട്ടിമറി ജയം നേടി. തെരഞ്ഞെടുപ്പിനെ തുടർന്ന് രൂപീകരിക്കപ്പെട്ട എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ മന്ത്രിസഭയിൽ നിയമ സഹമന്ത്രിയായി. പിന്നീട് ഐ.എഫ്.ഡി.പി പിരിച്ചുവിട്ട് ഇടതു മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ ലയിച്ചു. എന്നാൽ ആ പാർട്ടിയുടെ നേതാവായ പി.ജെ. ജോസഫ് അടക്കമുള്ളവർ കേരള കോൺഗ്രസ് (മാണി) വിഭാഗത്തിൽ പിന്നീട് ലയിച്ചുവെങ്കിലും പി.സി. തോമസ്, വി. സുരേന്ദ്രൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതു മുന്നണിയിൽ തന്നെ നിലകൊള്ളുകയും കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) എന്ന പേരു സ്വീകരിക്കുകയും ചെയ്തു. എന്നാൽ വൈകാതെ സ്‌കറിയാ തോമസ് വിഭാഗത്തെ എൽ.ഡി.എഫ് ഉൾപ്പെടുത്തിയതോടെ പി.സി. തോമസ് പുറത്തേക്ക്. വീണ്ടും എൻ.ഡി.എയിൽ ചേർന്നു. പാർട്ടി പിളർന്നെങ്കിലും കേരള കോൺഗ്രസ് എന്ന പേര് പി.സി. തോമസിന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു നൽകി.