ഹൈദരാബാദ്- പ്രണയദിനത്തില്‍ പാര്‍ക്കിലെത്തിയ കമിതാക്കളെ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതിനെതിരെ തെലങ്കാനയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹൈദരാബാദ് കാണ്ട്‌ലകോയ ഓക്‌സിജന്‍ പാര്‍ക്കിലെ സംഭവം.
പെണ്‍കുട്ടിയുടെ കഴുത്തില്‍ നിര്‍ബന്ധപൂര്‍വം താലി കെട്ടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
പ്രണയദിനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് ബജ്‌റംഗ്ദള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സെയിന്റ് വാലന്റൈന്‍ ഭീകരനാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. പാര്‍ക്കില്‍ വെച്ച് കമിതാക്കളെ കൊണ്ട് താലി കെട്ടിച്ച ബജ്്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരും പരാതി നല്‍കിയിട്ടില്ലെന്നും തങ്ങള്‍ സ്വമേധയാ വിവാഹിതരായെന്നാണ് ദമ്പതികള്‍ പറഞ്ഞെതെന്നും പോലീസ് അറിയിച്ചു.
പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ്‍കുട്ടിയെ അഭിനന്ദിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
തെലങ്കാനയില്‍ പ്രണയ ദിനം ആഘോഷിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി 30 സംഘങ്ങളെ അയക്കാന്‍ പദ്ധതിയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദള്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ക്കുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും പുറമെ, പ്രണയ ദിനം ആഘോഷിക്കുന്ന ഓഫീസുകള്‍ക്കു മുന്നിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതായി ബജ്‌റംഗ്ദള്‍ അവകാശപ്പെട്ടു.
പ്രതിഷേധം കണക്കിലെടുത്ത് ഹൈദരാബാദ് നഗരത്തില്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.