ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ ആലിംഗനം പ്രധാനമന്ത്രി നരന്ദ്രേമോഡിക്ക് ഇനിയും ദഹിച്ചിട്ടില്ലെങ്കിലും വിദ്വേഷം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സ്‌നേഹമാണെന്ന വാദവുമായി രാഹുല്‍ വീണ്ടും.
മോഡിക്ക് തന്നോട് ഉണ്ടായിരുന്ന വിദ്വേഷം ഒറ്റ ആലംഗനം കൊണ്ട് ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി അജ്മീരില്‍ സേവാദള്‍ പ്രവര്‍ത്തകരോട് പറഞ്ഞു. മോഡിജിക്ക് എന്നോട് വെറുപ്പുണ്ടായിരുന്നു. ഞാന്‍ പോയി അദ്ദേഹത്തെ ആലിംഗനം ചെയ്തു. അങ്ങനെ അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന വിദ്വേഷം അവസാനിപ്പിച്ചു- രാഹുല്‍ ഗാന്ധി പറഞ്ഞു.
ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും വിദ്വേഷത്തെ സ്‌നേഹം കൊണ്ട് പരാജയപ്പെടുത്താന്‍ രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അവരെ ഉന്മൂലനം ചെയ്യാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ വെച്ച് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് എല്ലാവരേയും അമ്പരിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ച് പ്രധാനമന്ത്രി മോഡി കഴിഞ്ഞ ദിവസം ലോക് സഭയില്‍ വീണ്ടും പരാമര്‍ശിച്ചു.
ആലിംഗനവും ഒരാള്‍ അയാളെ നമുക്ക് നേരെ വലിച്ചെറിയുന്നതും തമ്മിലുള്ള വ്യത്യാസം ഞാന്‍ സഭയില്‍ വെച്ച് ആദ്യമായി അനുഭവിച്ചുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മോഡിയുടെ ഈ പരാമര്‍ശം കണക്കിലെടുത്താണ് രാഹുലിന്റെ പുതിയ പ്രസ്താവന.
ബി.ജെ.പിയും ആര്‍.എസ്.എസും എത്രതന്നെ അധിക്ഷേപിച്ചാലും നമ്മള്‍ അവരെ സ്‌നേഹം കൊണ്ട് തോല്‍പിക്കണം. കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് പറയാറുള്ള മോഡി എന്നെയും എന്റെ കുടുംബത്തെയും ഇടക്കിടെ ആക്രമിക്കാറുണ്ട്. പക്ഷെ അതിന് പകരമായി ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു- രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ മോഡിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമാണ് സീറ്റില്‍ ഇരിക്കാതെ നേരെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാഹുല്‍ ആലിംഗനം ചെയ്തത്.