Sorry, you need to enable JavaScript to visit this website.

50 കോടി നഷ്ടപരിഹാരം തേടി ഖാദി ബോര്‍ഡിന് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്; നേരിടുമെന്ന് ശോഭന ജോര്‍ജ്

തിരുവനന്തപുരം- സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ് തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് മോഹന്‍ലാല്‍ ആരോപിക്കുന്നത്. ഈ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ ജോര്‍ജ് മാപ്പു പറയണമെന്നും പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ പ്രസിദ്ധപ്പെടുത്താന്‍ തയാറാകണമെന്നും ലാല്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പു നല്‍കുന്നു. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഭാഗമാണ് ലാലിന്റെ നീക്കം. ഇതിന്റെ പേരില്‍ ലാലിനും സ്ഥാപനത്തിനു ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 

സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിച്ചാല്‍  ഖാദി ബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലഭവും ഉണ്ടാകുമെന്ന് വിലയിരുത്തിയ ബോര്‍ഡ് പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷമാണ് മേഹാന്‍ലാല്‍ പൊതുജന മധ്യത്തില്‍ തന്നെ അപമാനിച്ചെന്നു കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

ഈ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ് വ്യക്തമാക്കി. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ സ്ഥാപനത്തിനു വക്കീല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ് നോട്ടീസ് അയച്ചത്. എന്തു ചെയ്യണമെന്ന് ആലോചിക്കുകയാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
 

Latest News