യവത്മല്‍- മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ രാജു തോഡ്‌സം ഈ വര്‍ഷത്തെ തന്റെ ജന്മദിനാഘോഷം ഒരിക്കലും മറക്കില്ല. അനുയായികള്‍ ചൊവ്വാഴ്ച പന്തര്‍കവ്ഡയില്‍ ഒരുക്കിയ ആഘോഷ പരിപാടിക്കിടെ നാട്ടുകാര്‍ നോക്കി നില്‍ക്കെ എംഎല്‍എയുടെ ഭാര്യയും ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം കഴിയുന്ന ബിജെപി പ്രവര്‍ത്തകയായ കാമുകിയും തമ്മില്‍ പൊരിഞ്ഞ അടിയാണ് നടന്നത്. ഭാര്യയും കാമുകിയും തമ്മിലുള്ള ഈ പോരില്‍ വെട്ടിലായ ബിജെപി എംഎല്‍എ നേരിട്ടിടപ്പെട്ട് ഇരുവരേയും പിന്തിരിപ്പിക്കാനിറങ്ങിയപ്പോള്‍ നാട്ടുകാര്‍ എംഎല്‍എയെ കൈകാര്യം ചെയ്തുവെന്ന് പൊലിസ് പറയുന്നു.
രാജു തോഡ്‌സമിന്റെ ഭാര്യ അര്‍ച്ചന ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. എന്നാല്‍ ഇവരെ വിവാഹമോചനം ചെയ്യാത്ത എംഎല്‍എ ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകയായ പ്രിയ എന്ന മറ്റൊരു യുവതിക്കൊപ്പമാണ് കഴിയുന്നത്. രണ്ടു വര്‍ഷം മുമ്പ് പ്രിയയെ വിവാഹം ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു.
അര്‍നി എംഎല്‍എയായ രാജു തോഡ്‌സമിന്റെ സ്വന്തം മണ്ഡലത്തിലുള്‍പ്പെട്ട പന്തര്‍കവ്ഡയില്‍ ചൊവ്വാഴ്ച രാത്രിയാണ് ഈ കലഹമുണ്ടായത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി എംഎല്‍എയുടെ അനുയായികള്‍ ഇവിടെ കബഡി മത്സരം സംഘടിപ്പിച്ചിരുന്നു. എംഎല്‍എയും പ്രിയയും പരിപാടി സ്ഥലത്ത് നില്‍ക്കുന്നതിനിടെ ആദ്യ ഭാര്യ അര്‍ച്ചയും സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഏതാനും പേരുമായി ഇവിടെ എത്തുകയായിരുന്നു. പ്രശ്‌നം ഒഴിവാക്കാന്‍ എംഎല്‍എയും പ്രിയയും സ്ഥലം വിടാന്‍ ഒരുങ്ങിയെങ്കിലും അര്‍ച്ചനയും സംഘവും ഇവരെ തടയുകയും വാഗ്വാദമുണ്ടാകുകുയം ഇതു പിന്നീട് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. വനിതാ സ്വയം തൊഴില്‍സംഘങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പന്തര്‍കവ്ഡയില്‍ എത്താനിരിക്കെയാണ് സ്ഥലം ബിജെപി എംഎല്‍എ വെട്ടിലാക്കിയ സംഭവം അരങ്ങേറിയത്.
അടിപിടിക്കു ശേഷം രാജുവും പ്രിയയും പന്തര്‍കവ്ഡ പൊലീസ് സ്റ്റേഷനില്‍ എത്തി. പിന്നീട് അര്‍ച്ചനയും സ്റ്റേഷനിലെത്തി. ഇവിടെ വച്ച് പ്രശ്‌നം 'രമ്യമായി' പരിഹരിച്ചുവെന്ന് പോലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രിയയെ രണ്ടു വര്‍ഷം മുമ്പ് വിവാഹം ചെയ്തതാണെന്നും അര്‍ച്ചനെ വിവാഹമോചനം ചെയ്തിട്ടുണ്ടെന്നും എംഎല്‍എ അവകാശപ്പെടുന്നുണ്ടെങ്കിലും അര്‍ച്ചന ഇതു നിഷേധിച്ചിട്ടുണ്ടെന്നും ഒരു ഉന്നത പോലീസ് ഉദ്യാഗസ്ഥന്‍ പറഞ്ഞു.